photo:twitter/Manchester United
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലിനും ലിവര്‍പൂളിനും തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ എവര്‍ട്ടണ്‍ ആഴ്‌സണലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയത്. അതേ സമയം വോള്‍വ്‌സ് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ലിവര്‍പൂളിനേയും തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
60-ാം മിനിറ്റില്‍ ജെയിംസ് ടര്‍ക്കോസ്‌കി നേടിയ ഹെഡര്‍ ഗോളിലാണ് എവര്‍ട്ടണ്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയുമായി പോയന്റ് വ്യത്യാസം വര്‍ധിപ്പിക്കാനുള്ള അവസരം ഗണ്ണേഴ്‌സ് നഷ്ടപ്പെടുത്തി. 20-മത്സരങ്ങളില്‍ നിന്ന് 50-പോയന്റുമായി ആഴ്‌സണല്‍ പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 45-പോയന്റാണ് സിറ്റിക്കുള്ളത്.
എഫ് എ കപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ലിവര്‍പൂളിന് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. വോള്‍വ്‌സ് ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ചെമ്പടയെ കീഴടക്കിയത്. ലിവര്‍പൂള്‍ പ്രതിരോധതാരം ജോയല്‍ മാറ്റിപ്പിന്റെ സെല്‍ഫ് ഗോളിന് പുറമേ ക്രെയിഗ് ഡോസണ്‍, റൂബന്‍ നെവസ് എന്നിവരും വലകുലുക്കി. 20-മത്സരങ്ങളില്‍ നിന്ന് 29-പോയന്റോടെ നിലവില്‍ 10-ാം സ്ഥാനത്താണ് ലിവര്‍പൂള്‍.
ഇംഗ്ലീഷ് ലീഗ് കപ്പില്‍ ഫൈനലിലെത്തിയതിന് പിന്നാലെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലും കുതിപ്പ് തുടരുകയാണ്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടെന്‍ഹാഗും സംഘവും ക്രിസ്റ്റല്‍ പാലസിനെ കീഴടക്കിയത്. ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവര്‍ ചുവന്ന ചെകുത്താന്മാര്‍ക്കായി വലകുലുക്കിയപ്പോള്‍ ജെഫ്രി ഷ്‌ലുപ്പ് ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസഗോള്‍ നേടി. 21-മത്സരങ്ങളില്‍ നിന്ന് 42-പോയന്റുമായി യുണൈറ്റഡ് പട്ടികയില്‍ മൂന്നാമതെത്തി.
Content Highlights: Man Utd up and Liverpool down
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..