ലണ്ടന്‍: ആഴ്‌സനിലെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിനുശേഷം വംശീയാധിക്ഷേപം നേരിട്ടെന്ന വെളിപ്പെടുത്തലുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. വംശീയമായി ഒരാള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ചുവെന്ന് റാഷ്‌ഫോര്‍ഡ് വെളിപ്പെടുത്തി.

23 വയസ്സുകാരനായ ഇംഗ്ലണ്ട് ദേശീയതാരത്തിനെ കളിയാക്കിക്കൊണ്ട് നിരവധി മെസ്സേജുകള്‍ വന്നു. മനുഷ്യത്വവും സോഷ്യല്‍ മാധ്യമങ്ങളും അതിന്റെ ഏറ്റവും മോശമായ അവസ്ഥയില്‍ എന്ന തലക്കെട്ടോടെ റാഷ്‌ഫോര്‍ഡ് വംശീയാധിക്ഷേപം നേരിട്ട കാര്യം ലോകത്തെ അറിയിച്ചു.

'അതെ ഞാന്‍ കറുത്ത വര്‍ഗക്കാരനാണ്, അതില്‍ എനിക്ക് അഭിമാനമുണ്ട്. ആരെന്ത് പറഞ്ഞാലും വേദനിപ്പിച്ചാലും എനിക്ക് അതൊന്നും വിഷയമല്ല. എനിക്ക് വന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. എന്നെ കണ്ടു പഠിക്കുന്ന നിരവധി കുരുന്നുകളുണ്ട്. അവര്‍ക്ക് നല്ലത് മാത്രം പകര്‍ന്നു കൊടുക്കാനാണ് ഞാന്‍ ശ്രമിക്കാറ്'- റാഷ്‌ഫോര്‍ഡ് പറഞ്ഞു.

കഴിഞ്ഞയാഴ്ച യുണൈറ്റഡിന്റെ മറ്റുതാരങ്ങളായ ആക്‌സല്‍ ടുവാന്‍സിബിയ്ക്കും ആന്റണി മാര്‍ഷ്യലിനും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരേ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. 

താരങ്ങള്‍ വംശീയാധിക്ഷേപം നേരിടുന്നതിനെതിരെ പ്രതികരിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ട്വീറ്ററില്‍ രംഗത്തെത്തി.

Content Highlights: Man Utd Marcus Rashford calls racial abuse against him humanity at its worst