മാഞ്ചെസ്റ്റര്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യുവന്റസില്‍ നിന്നും ടീമിലെത്തിക്കാനുള്ള അവസാന ശ്രമത്തിലാണ് മാഞ്ചെസ്റ്റര്‍ സിറ്റി. ഈ സീസണില്‍ താരം യുവന്റസ് വിടുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് റൊണാള്‍ഡോയ്ക്ക് പിന്നാലെയാണ് പെപ്പ് ഗാര്‍ഡിയോളയും സംഘവും. 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചിട്ടും റൊണാള്‍ഡോ സിറ്റിയിലേക്ക് ചേക്കേറാനാണ് താല്‍പ്പര്യം കാണിക്കുന്നത്. അത് ശരിയല്ലെന്നും അത് കൂറുമാറ്റമാണെന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ അഭിപ്രായപ്പെട്ടു. പ്രസ് കോണ്‍ഫറസിനിടെയാണ് സോള്‍ഷ്യര്‍ റൊണാള്‍ഡോയ്‌ക്കെതിരേ ആഞ്ഞടിച്ചത്. റൊണാള്‍ഡോയെ ലോകോത്തര താരമാക്കി വളര്‍ത്തിയത് സര്‍ അലെക്‌സ് ഫെര്‍ഗൂസനും മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമാണ്.

'ഞാന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോള്‍ ചിരവൈരികളായ ഒരു ക്ലബ്ബ് എനിക്ക് വലിയ വാഗ്ദാനം തന്നിരുന്നു. എനിക്ക് വേണമെങ്കില്‍ ആ ക്ലബ്ബിലേക്ക് പോകാമായിരുന്നു. അങ്ങനെ ചെയ്താല്‍ അതിലെന്ത് ആത്മാര്‍ത്ഥതയാണുള്ളത്? '-സോള്‍ഷ്യര്‍ പത്രമാധ്യമങ്ങളോട് പറഞ്ഞു.

' എന്നെ സംബന്ധിച്ചിടത്തോളം കളിക്കുന്ന ക്ലബ്ബിനോടാണ് കൂറുവേണ്ടത്. എന്നെ മികച്ച താരമാക്കിയ ടീമാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. അതുകൊണ്ടുതന്നെ മറ്റൊരു ടീമില്‍ നിന്നും തിരിച്ച് യുണൈറ്റഡിലേക്ക് അവസരം ലഭിച്ചാല്‍ ഞാന്‍ അതുമാത്രമേ സ്വീകരിക്കൂ. റൊണാള്‍ഡോ 10 വര്‍ഷം യുണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടിയതാണ്. എന്നിട്ടും അദ്ദേഹം യുണൈറ്റഡിന്റെ ചിരവൈരികള്‍ക്ക് വേണ്ടി കളിക്കാന്‍ താത്പര്യപ്പെടുന്നത് കൂറുമാറ്റമാണ്.'-സോള്‍ഷ്യര്‍ കൂട്ടിച്ചേര്‍ത്തു.

കൗമാരതാരമായിരുന്ന സമയത്ത് 2003 ലാണ് റൊണാള്‍ഡോ സ്‌പോര്‍ടിങ് ലിസ്ബണില്‍ നിന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലെത്തുന്നത്. ആ സമയത്ത് സോള്‍ഷ്യറും റൊണാള്‍ഡോയും ഒന്നിച്ച് കളിച്ചിട്ടുണ്ട്. പിന്നീട് 2009-ലാണ് റൊണാള്‍ഡോ റെക്കോഡ് തുകയ്ക്ക് റയല്‍ മഡ്രിഡിലേക്ക് ചേക്കേറിയത്. 

യുണൈറ്റഡിന് വേണ്ടി 292 മത്സരങ്ങള്‍ കളിച്ച താരം 118 ഗോളുകള്‍ നേടി. നിലവില്‍ റൊണാള്‍ഡോ സിറ്റിയിലേക്ക് കൂടുമാറുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. 

Content Highlights: Man Utd manager Ole Gunnar Solskjaer reacts to Cristiano Ronaldo's proposed Man City move