ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ആറാം വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം. ബേണ്‍ലിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയും വിജയം കണ്ടപ്പോള്‍ ലിവര്‍പൂളിനെ സണ്ടര്‍ലാന്‍ഡ് സമനിലയില്‍ പിടിച്ചു. 

തുടക്കത്തില്‍ തന്നെ തിരിച്ചടിയോടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ വെസറ്റ്ഹാം കളി തുടങ്ങിയത്. പതിനഞ്ചാം മിനിറ്റില്‍ തന്നെ ഫെഗ്ഹൗലി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ വെസ്റ്റ്ഹാം പത്ത് പേരിലേക്ക് ചുരുങ്ങി. കളിയുടെ രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്ററിന്റെ രണ്ടു ഗോളുകളും വന്നത്. 63ാം മിനിറ്റില്‍ ജുവാന്‍ മാറ്റയും  78ാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. 

32ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായി കളിച്ചാണ് സിറ്റി ബേണ്‍ലിയെ പരാജയപ്പെടുത്തിയത്. 58ാം മിനിറ്റില്‍ ക്ലിച്ചിയിലൂടെ സിറ്റിയാണ് ആദ്യം ലീഡ് നേടിയത്. നാല് മിനിറ്റിനുള്ളില്‍ അഗ്യൂറോയിലൂടെ സിറ്റി രണ്ടാം ഗോളും നേടി. ബെന്‍ മീയാണ് ബേണ്‍ലിയുടെ ഗോള്‍ നേടിയത്. 

84ാം മിനിറ്റില്‍ ജെര്‍മന്‍ ഡെഫോയ് നേടിയ പെനാല്‍റ്റിയിലൂടെയാണ് സണ്ടര്‍ലാന്‍ഡ് ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ചത്. ഡെഫോയ് ഇരട്ട ഗോള്‍ നേടി. സ്റ്ററിഡ്ജും മാനേയുമാണ് ലിവര്‍പൂളിനായി ലക്ഷ്യം കണ്ടത്.

49 പോയിന്റുമായി ചെല്‍സി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വിജയത്തോടെ സിറ്റി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലിവര്‍പൂള്‍ രണ്ടാമതുണ്ട്. ആഴ്‌സണല്‍ നാലാമതും യുണൈറ്റഡ് ആറാം സ്ഥാനത്തുമാണ്.