ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ അവസാന മത്സരം വിജയിച്ച് കയറി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് കീഴടക്കിയത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ ടീം രണ്ടാം സ്ഥാനത്തേക്ക് കയറി. സീസണിലാദ്യമായാണ് യുണൈറ്റഡ് പട്ടികയില്‍ മുന്നിലെത്തുന്നത്.

കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്‍ജുറി ടൈമില്‍ സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ടീമിനായി വിജയഗോള്‍ നേടിയത്. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞുകളിച്ച യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയും വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ആദ്യ റൗണ്ടില്‍ പുറത്തായ ടീമിന് പ്രീമിയര്‍ ലീഗില്‍ കപ്പുയര്‍ത്തുക അനിവാര്യമാണ്. 2013-ലാണ് യുണൈറ്റഡ് അവസാനമായി പ്രീമിയര്‍ ലീഗ് ജേതാക്കളായത്. 

പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലീഡ്‌സ് യുണൈറ്റഡ് എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോമിനെ പരാജയപ്പെടുത്തിയപ്പോള്‍ ബേണ്‍ലി എതിരില്ലാത്ത ഒരു ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ കീഴടക്കി. ബ്രൈട്ടണെ എത്ിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ആഴ്‌സനലും വിജയമാഘോഷിച്ചു. അലക്‌സാണ്ട്രെ ലക്കാസെറ്റെയാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. 

2020 അവസാനിക്കുമ്പോള്‍ 15 മത്സരങ്ങളില്‍ നിന്നും 32 പോയന്റുകളുമായി ലിവര്‍പൂളാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 30 പോയന്റുള്ള യുണൈറ്റഡ് രണ്ടാമതും 16 മത്സരങ്ങളില്‍ നിന്നും 29 പോയന്റുകളുള്ള ലെസ്റ്റര്‍ സിറ്റി മൂന്നാമതുമാണ്. കരുത്തന്മാരായ ചെല്‍സിയും ടോട്ടനവും മാഞ്ചെസ്റ്റര്‍ സിറ്റിയും യഥാക്രമം ആറ്,ഏഴ്, എട്ട് സ്ഥാനങ്ങളിലാണ്. 

Content Highlights: Man United goes 2nd in Premier League by winning match against Wolves