മാഞ്ചെസ്റ്റര്‍: പുതുവത്സരത്തിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് യുണൈറ്റഡ് വിജയമാഘോഷിച്ചത്.

സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്നമത്സരത്തില്‍ 40-ാം മിനിട്ടില്‍ ആന്റണി മാര്‍ഷ്യലിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 58-ാം മിനിട്ടില്‍ ബെര്‍ട്രെന്‍ഡ് ട്രാവോറിലൂടെ ആസ്റ്റണ്‍ വില്ല സമനില നേടി. എന്നാല്‍ 61-ാം മിനിട്ടില്‍ പോള്‍ പോഗ്ബയെ ബോക്‌സിനകത്തുവെച്ച് വീഴ്ത്തിയതിന് യുണൈറ്റഡിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസേന പന്ത് വലയിലെത്തിച്ച് യുണൈറ്റഡിനായി രണ്ടാം ഗോള്‍ നേടി.

പ്രതിരോധതാരം എറിക്ക് ബെയ്‌ലിയുടെയും ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഹിയയുടെയും തകര്‍പ്പന്‍ പ്രകടനമാണ് യുണൈറ്റഡിന്റെ വിജയത്തിന്റെ അടിസ്ഥാനം. ബെയ്‌ലിയാണ് കളിയിലെ താരം.

ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ടീമിനായി. 16 മത്സരങ്ങളില്‍ നിന്നും പത്തുവിജയങ്ങളുള്ള യുണൈറ്റഡിന് 33 പോയന്റുകളുണ്ട്. ലിവര്‍പൂളിനും ഇതേ പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ടീം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

മറ്റൊരു മത്സരത്തില്‍ വെസ്റ്റ്ഹാം എതിരില്ലാത്ത ഒരു ഗോളിന് എവര്‍ട്ടണിനെ അട്ടിമറിച്ചു. തോമസ് സൗസെക്കാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ തോല്‍വിയോടെ എവര്‍ട്ടണ്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു.

Content Highlights: Man United beats Villa 2-1 level on points with Liverpool