ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം തകര്‍പ്പന്‍ ജയം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഈസ്താംബൂള്‍ ബസെക്‌സെഹിറിനെയും ബാര്‍സലോണ ഡൈനാമോ കീവിനെയും പി.എസ്.ജി ലെയ്പ്‌സിഗിനെയും യുവന്റസ് ഫെറെന്‍സ്വാരോസിനെയും ചെല്‍സി റെന്നെസിനെയും കീഴടക്കി.  

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനെ സാക്ഷിയാക്കി യുണൈറ്റഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പാദത്തില്‍ ഈസ്താബുള്‍ ബസെക്‌സെഹിറിനോട് തോല്‍വി വഴങ്ങിയതിനാല്‍ മികച്ച ടീമിനെത്തന്നെയാണ് പരിശീലകന്‍ സോള്‍ഷ്യര്‍ ഒരുക്കിയത്. അതിന് ഫലവും കണ്ടു. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. പ്ലേമേക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പെനാല്‍ട്ടിയിലൂടെ റാഷ്‌ഫോര്‍ഡും യുവതാരം ഡാനിയല്‍ ജെയിംസും യുണൈറ്റഡിന്റെ ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. ഡെനിസ് ട്യുറുക് ഈസ്താംബൂളിനായി ആശ്വാസഗോള്‍ നേടി. 

ഈ വിജയത്തോടെ നാലുകളികളില്‍ നിന്നും മൂന്നു വിജയങ്ങളുമായി യുണൈറ്റഡ് ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്നും രണ്ടു വിജയങ്ങളുള്ള പി.എസ്.ജിയാണ് രണ്ടാമത്. പി.എസ്.ജി ലെയ്പ്‌സിഗിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. സൂപ്പര്‍താരം നെയ്മര്‍ പെനാല്‍ട്ടിയിലൂടെ ടീമിനായി സ്‌കോര്‍ ചെയ്തു.

മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ലാ ലിഗയില്‍ കളിക്കുന്ന ബാര്‍സയെയല്ല ചാമ്പ്യന്‍സ് ലീഗില്‍ കണ്ടത്. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ഡൈനാമോ കീവിനെ ടീം പരാജയപ്പെടുത്തിയത്. മാര്‍ട്ടിന്‍ ബ്രൈത്ത്വെയ്റ്റ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ഡെസ്റ്റ്, ആന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. 

ഈ വിജയത്തോടെ നാലുകളികളില്‍ നിന്നും നാലുവിജയങ്ങളുമായി ബാര്‍സ ജി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്നു വിജയങ്ങളുള്ള യുവന്റാണ് രണ്ടാമത്. യുവന്റസ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഫെറെന്‍സ്വാരോസിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു. 19-ാം മിനിട്ടില്‍ മിര്‍ട്ടോ ഉസൂനിയിലൂടെ ഫെറെന്‍സ്വാരോസാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 35-ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌കോര്‍ ചെയ്തതോടെ യുവന്റസ് സമനില നേടി. മത്സരം സമനിലയിലവസാനിക്കും എന്ന ഘട്ടത്തില്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ആല്‍വാരോ മൊറോട്ട യുവന്റസിനായി വിജയഗോള്‍ നേടി.

റെന്നെസിനെതിരെ ചെല്‍സിയും കഷ്ടിക്കാണ് ജയിച്ചുകയറിയത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് നീലപ്പടയുടെ ജയം. ഹഡ്‌സണ്‍ ഒഡോയിയിലൂടെ 22-ാം മിനിട്ടില്‍ ചെല്‍സി ലീഡെടുത്തു. എന്നാല്‍ 85-ാം മിനിട്ടില്‍ സെര്‍ഹൗ ഗ്യുറാസി റെന്നെസിനെ ഒപ്പമെത്തിച്ചു. എന്നാല്‍ കളി സമനിലയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ ഒളിവര്‍ ജിറൂഡ് നേടിയ ഗോളില്‍ ചെല്‍സി വിജയമുറപ്പിച്ചു. ഇതോടെ ഗ്രൂപ്പ് ഇ യില്‍ നാലുമത്സരങ്ങളില്‍ നിന്നും മൂന്നുവിജയങ്ങളുമായി ചെല്‍സി ഒന്നാം സ്ഥാനത്തെത്തി. രണ്ടാമതുള്ള സെവിയ്യയ്ക്കും തുല്യപോയന്റാണെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ കണക്കിലാണ് ചെല്‍സി മുന്നിലെത്തിയത്. സെവിയ്യ ക്രസനോഡറിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സെവിയ്യയ്ക്കായി ഇവാന്‍ റാക്കിറ്റിച്ചും മുനീര്‍ എല്‍ ഹദാദിയും സ്‌കോര്‍ ചെയ്തപ്പോള്‍ ക്രസനോഡറിനായി സൗസ കാംപോസ് ഗോള്‍ നേടി. 

ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ക്ലബ് ബ്രഗ്ജിനെ തോല്‍പ്പിച്ചു. സൂപ്പര്‍ താരം ഹാളണ്ട് രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ യുവതാരം ജേഡണ്‍ സാഞ്ചോ മൂന്നാം ഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ലാസിയോ 3-1 എന്ന സ്‌കോറിന് സെനിത്തിനെ പരാജയപ്പെടുത്തി. നാലുമത്സരങ്ങളില്‍ നിന്നും 9 പോയന്റുള്ള ഡോര്‍ട്ട്മുണ്ട് ഗ്രൂപ്പില്‍ ഒന്നാമതും ഇത്രയും മത്സരങ്ങളില്‍ നിന്നും എട്ടുപോയന്റുകളുള്ള ലാസിയോ രണ്ടാമതുമാണ്. 

Content Highlights: Man United  Barca, Juventus, Chelsea wins  in Champions League