മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയിലെ പ്രധാന താരങ്ങളായ ബ്രസീലിന്റെ ഗബ്രിയേല്‍ ജെസൂസിനും ഇംഗ്ലണ്ടിന്റെ കൈല്‍ വാക്കര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരോടൊപ്പം രണ്ട് ടീം സ്റ്റാഫുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നാലുപേരും ഐസൊലേഷനില്‍ പ്രവേശിച്ചു.

രോഗം സ്ഥിരീകരിച്ചതോടെ ടീം വലിയ ആശങ്കയിലാണ്. പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്ത് തുടരുന്ന സിറ്റിയ്ക്ക് ഇനിയുള്ള കളികളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ പോയന്റ് പട്ടികയില്‍ മുന്നേറാനാകൂ. ജെസ്യൂസിനും വാക്കര്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ മറ്റുതാരങ്ങളും നിരീക്ഷണത്തിലാണ്. 

ഇന്ന് സിറ്റിയ്ക്ക് ന്യൂ കാസില്‍ യുണൈറ്റഡുമായി മത്സരമുണ്ട്. തിങ്കളാഴ്ച്ച എവര്‍ട്ടണിനെയും സിറ്റി നേരിടണം. ഈ രണ്ട് മത്സരങ്ങളിലും വാക്കറും ജെസ്യൂസും കളിക്കില്ല. അഗ്യൂറോ പരിക്കുമൂലം കളിക്കാത്തതിനാല്‍ ജെസ്യൂസിനായിരുന്നു ആക്രമണ ചുമതല. ജെസ്യൂസ് മടങ്ങുന്നതോടെ ടീമിന്റെ മുന്നേറ്റ നിരയ്ക്ക് കാര്യമായ ക്ഷതമാണ് ഏറ്റിരിക്കുന്നത്. 

Content Highlights: Man City's Jesus and Walker test positive for Covid-19