മാഞ്ചെസ്റ്റര്‍: പൊന്നുംവില കൊടുത്ത് ആസ്റ്റണ്‍ വില്ലയില്‍ നിന്നും ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കിയതിനുപിന്നാലെ മികച്ച ഒരു ഫിനിഷറെ തേടുകയാണ് നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നിനെയോ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയോ ടീമിലെത്തിക്കാനാണ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള ശ്രമിക്കുന്നത്.

എന്നാല്‍ ടോട്ടനത്തിന്റെ നായകനായ ഹാരി കെയ്ന്‍ ഈ സീസണില്‍ ക്ലബ്ബില്‍ തന്നെ തുടരും എന്നറിയിച്ചതോടെ സിറ്റി നിരാശയിലായി. ഇതോടെ കെയ്‌നിനെ വിട്ട് റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള ശ്രമം സിറ്റി ആരംഭിച്ചു. 

ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം ഹാരി കെയ്ന്‍ ഈ സീസണില്‍ ടോട്ടനത്തില്‍ തന്നെ തുടരും. അതിനാല്‍ റൊണാള്‍ഡോയ്ക്ക് പിറകെയാണ് ടീമിപ്പോള്‍. എന്നാല്‍ നിരവധി കടമ്പകള്‍ താണ്ടിയാല്‍ മാത്രമേ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സിറ്റിയ്ക്ക് കഴിയൂ. യുവന്റസ് റൊണാള്‍ഡോയ്ക്ക് നല്‍കുന്ന വലിയ ശമ്പളവും ട്രാന്‍സ്ഫര്‍ ഫീയുമാണ് സിറ്റിയെ വട്ടം കറക്കുന്നത്. 

നിലവിലെ സാഹചര്യത്തില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സൗകര്യം ഒരാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. സെര്‍ജിയോ അഗ്യൂറോ ടീം വിട്ടതോടെ മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം സിറ്റിയിലുണ്ട്. അത് പരിഹരിക്കാനാണ് റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. റൊണാള്‍ഡോ ഈ സീസണില്‍ യുവന്റസ് വിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. യുവന്റസിന്റെ ആദ്യ മത്സരത്തില്‍ താരം പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. 

സിറ്റിയ്ക്ക് പുറമേ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും റൊണാള്‍ഡോയെ റാഞ്ചാനായി രംഗത്തുണ്ടെന്ന് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുണൈറ്റഡിന്റെ മുന്‍താരമായ റൊണാള്‍ഡോ ചുവന്ന ചെകുത്താന്മാര്‍ക്ക് വേണ്ടി കളിച്ചാണ് ലോകോത്തര താരമായത്. യുണൈറ്റഡില്‍ നിന്നും റെക്കോഡ് തുകയ്ക്ക് റയലിലെത്തിയ താരം പിന്നീട് യുവന്റസില്‍ എത്തുകയായിരുന്നു.

Content Highlights: Man City refuse to rule out signing Ronaldo from Juventus after Kane commits future to Spurs