ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും ബ്രെന്റ്‌ഫോര്‍ഡും സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിറ്റി കരുത്തരായ ആഴ്‌സനലിനെ നാണം കെടുത്തിയപ്പോള്‍ ന്യൂകാസിലിനെ അട്ടിമറിച്ചാണ് ബ്രെന്റ്‌ഫോര്‍ഡ് അവസാന നാലിലെത്തിയത്. രണ്ടാം ഡിവിഷന്‍ ക്ലബ്ബാണ് ബ്രെന്റ്‌ഫോര്‍ഡ്.

ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് സിറ്റി ജയിച്ചു കയറിയത്. മൂന്നാം മിനിട്ടില്‍ തന്നെ ഗോള്‍ നേടി ഗബ്രിയേല്‍ ജെസ്യൂസ് സിറ്റിയ്ക്ക് ലീഡ് സമ്മാനിച്ചു. 31-ാം മിനിട്ടില്‍ അലക്‌സാണ്ട്രെ ലക്കാസെറ്റെയിലൂടെ ആഴ്‌സനല്‍ സമനില ഗോള്‍ നേടി. ആദ്യ പകുതിയവസാനിക്കുമ്പോള്‍ ഇരുടീമുകളും സമനില പാലിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച സിറ്റി ആഴ്‌സനലിനെ വിറപ്പിച്ചു. 54-ാം മിനിട്ടില്‍ റിയാദ് മെഹ്‌റെസിലൂടെ സിറ്റി വീണ്ടും മുന്നില്‍ കയറി. പിന്നാലെ ഫില്‍ ഫോഡനും അയ്‌മെറിക്ക് ലാപ്പോര്‍ട്ടെയും ഗോള്‍ നേടിയതോടെ ആഴ്‌സനല്‍ വീണു. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി തോല്‍വികള്‍ വഴങ്ങി പോയന്റ് പട്ടികയില്‍ 15-ാം സ്ഥാനത്ത് തുടരുന്ന ആഴ്‌സനലിന് വലിയ ആഘാതമാണ് ഈ തോല്‍വി സമ്മാനിച്ചിരിക്കുന്നത്. 

ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രെന്റ്‌ഫോര്‍ഡ് അട്ടിമറിച്ചത്. ടീമിനായി ജോഷ് ഡാസില്‍വ 66-ാം മിനിട്ടില്‍ വിജയ ഗോള്‍ നേടി. കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോള്‍ നേടാന്‍ ന്യൂകാസിലിന് കഴിഞ്ഞില്ല.

ഇന്ന് നടക്കുന്ന മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ടോട്ടനം സ്‌റ്റോക്ക് സിറ്റിയെയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണിനെയും നേരിടും.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പ് കറബാവോ കപ്പ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

Content Highlights: Man City and Brentford into English Football League Cup Semi Finals