മാഡ്രിഡ്: ലാ ലിഗയിൽ അത്ഭുതകരമായ അരങ്ങേറ്റം നടത്തി മയ്യോർക്കയുടെ യുവതാരം ലുക റൊമേരോ. കഴിഞ്ഞ ദിവസം നടന്ന റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ 15 വയസ്സായിരുന്നു ലൂക റൊമേരോയുടെ പ്രായം. ഇതോടെ ലാ ലിഗയിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ലുക റൊമേരോയുടെ പേരിനൊപ്പം ചേർന്നു.

'മെക്സിക്കൻ മെസ്സി' എന്നറിയപ്പെടുന്ന റൊമേരോയുടെ പ്രായം 15 വയസ്സും 219 ദിവസവുമാണ്. ഇതോടെ 80 വർഷം പഴക്കമുള്ള റെക്കോഡും ഈ യുവതാരത്തിന് മുന്നിൽ പഴങ്കഥയായി. 1939 ഡിസംബറിൽ സെൽറ്റ വിഗോയ്ക്ക് വേണ്ടി അരങ്ങേറിയ പ്രതിരോധ താരം സാൻസൺന്റെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. സാൻസൺ അരങ്ങേറുമ്പോൾ 15 വയസ്സും 255 ദിവസവുമായിരുന്നു പ്രായം.

റയൽ മാഡ്രിഡിനെതിരായ മത്സരത്തിന്റെ 83-ാം മിനിറ്റിൽ ഇദ്രിസു ബാബയ്ക്ക് പകരക്കാരനായാണ് റൊമേരോ കളത്തിലിറങ്ങിയത്. മത്സരത്തിൽ മയ്യോർക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് റയൽ പരാജയപ്പെടുത്തി. വിയ്യാറയൽ, ലെഗനെസ് എന്നീ ക്ലബ്ബുകൾക്കെതിരേയുള്ള മാച്ച്ഡേ സ്ക്വാഡിലും അറ്റാക്കിങ് മിഡ്ഫീൽഡറായ റൊമേരോ ഇടം നേടിയിരുന്നു. എന്നാൽ അന്ന് സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. ഒടുവിൽ റയലിനെതിരേ കളത്തിലിറങ്ങാൻ അവസരം ലഭിക്കുകയായിരുന്നു.

മെക്സിക്കോയിലാണ് ജനിച്ചതെങ്കിലും അർജന്റീന അണ്ടർ-17 ടീമിനുവേണ്ടിയാണ് റൊമേരോ കളിക്കുന്നത്. അർജന്റീനക്കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ഡീഗോ റൊമേരോയാണ് ലൂക റൊമേരോയുടെ അച്ഛൻ.