ബെംഗളൂരു എഫ്സി ടീം പരിശീലനത്തിൽ | Photo: instagram|bengaluru fc
ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബ് ബെംഗളൂരു എഫ്സിയോട് മാലദ്വീപ് വിട്ടുപോകാന്‍ മാലദ്വീപ് കായികമന്ത്രി അഹ്മദ് മഹ്ലൂഫിന്റെ നിര്‍ദേശം. എഎഫ്സി കപ്പ് പ്ലേ ഓഫിനായാണ് ബെംഗളൂരു എഫ്സി മാലദ്വീപിലെത്തിയത്. സംഭവത്തില്‍ ബെംഗളൂരു എഫ്സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ക്ഷമ ചോദിച്ചു.
ഇതിന് പിന്നാലെ എഎഫ്സി കപ്പ് നീട്ടിവെയ്ക്കാന്‍ എഎഫ്സി തീരുമാനിച്ചു. ഗ്രൂപ്പ് ഇയിലെ മത്സരങ്ങള്‍ക്കായി മാലദ്വീപിലേക്ക് പോകേണ്ടിയിരുന്ന ഇന്ത്യന്‍ ക്ലബ്ബ് മോഹന്‍ ബഗാനോട് യാത്ര മാറ്റിവെയ്ക്കാനും എ.എഫ്.സി ആവശ്യപ്പെട്ടു. ബെംഗളൂരു എഫ്.സിയും ഈഗിള്‍സും തമ്മിലുള്ള പ്ലേ ഓഫ് മത്സരവും ഇതോടെ പ്രതിസന്ധിയിലായി.
ഐ.എസ്.എല്‍ ടീമായ ബെംഗളൂരു എഫ്.സിയിലെ മൂന്നു വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവരുമാണ് പ്രോട്ടോക്കോള്‍ ലംഘിച്ചത്. 'അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റമാണ് ബെംഗളൂരു എഫ്സിയില്‍ നിന്നുണ്ടായത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബെംഗളൂരു പാലിച്ചില്ല. ക്ലബ്ബ് എത്രയും പെട്ടെന്ന് മാലദ്വീപ് വിട്ടുപോകണം. ഇതുപോലെയുള്ള പെരുമാറ്റം അനുവദിക്കാനാകില്ല.' മാലദ്വീപ് കായികമന്ത്രി ട്വീറ്റ് ചെയ്തു.
ഈ ട്വീറ്റിന് പിന്നാലെ പാര്‍ഥ് ജിന്‍ഡാല്‍ മാപ്പ് ചോദിച്ച് ട്വീറ്റ് ചെയ്തു. കളിക്കാര്‍ക്കും സ്റ്റാഫിനുമെതിരേ ശക്തമായി നടപടിയെടുക്കുമെന്നും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ജിന്‍ഡാല്‍ ട്വീറ്റില്‍ പറയുന്നു.
Content Highlights: Maldives Minister Asks Bengaluru FC To Leave Immediately
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..