കോഴിക്കോട്: വിദേശ രാജ്യങ്ങളിലെ ക്ലബ്ബുകളിലേക്ക് ഇന്ത്യന്‍ കളിക്കാര്‍ പോകുന്നതും കളിക്കുന്നതും ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയാണ്. എന്നാല്‍ നേപ്പാള്‍ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടുകയും എ.എഫ്.സി. കപ്പില്‍ കളിക്കുകയും ചെയ്ത ഒരു താരമുണ്ട്, അതും മലയാളി പ്രതിരോധനിരക്കാരന്‍. നേപ്പാള്‍ ലീഗില്‍ കളിക്കുന്ന ആദ്യ മലയാളി താരമെന്ന അപൂര്‍വ നേട്ടത്തിനുടമയാണ് മലപ്പുറം വേങ്ങരക്കാരയിലെ മുഹമ്മദ് ആസിഫ്.

മനംപോലെ മനാങ്

നേപ്പാളീസ് ഫുട്ബോള്‍ ലീഗില്‍ എട്ടുതവണ ചാമ്പ്യന്‍മാരായ മനാങ് മാര്‍ഷ്യങ്ദിയിലാണ് 2018-19 സീസണില്‍ ആസിഫ് കളിച്ചത്. 2019-20 സീസണില്‍ ചേസാല്‍ യൂത്ത് എഫ്.സി.ക്കായി ഇറങ്ങി. മനാങ്ങിനൊപ്പമാണ് എ.എഫ്.സി. കപ്പില്‍ കളിച്ചത്. ധാക്ക അബഹാനിക്കെതിരെ സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിക്കുകയും ചെയ്തു. ആ വര്‍ഷം ക്ലബ്ബ് നേപ്പാളി ലീഗില്‍ ചാമ്പ്യന്‍മാരായി. കേരള ഫുട്ബോളില്‍ അധികമാരും അറിയില്ലെങ്കിലും സെന്‍ട്രല്‍ ഡിഫന്‍ഡറായ ആസിഫിന്റെ പ്രതിരോധമികവ് അറിഞ്ഞാണ് മനാങ് പരിശീലകന്‍ ടോപ്പെ ഫുജ ടീമിലേക്ക് ക്ഷണിച്ചത്. ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും വെല്ലുവിളി ഏറ്റെടുത്ത് നേപ്പാളിലേക്ക് വിമാനം കയറി.

നേപ്പാള്‍ ഫുട്ബോളിന് നിലവാരം കുറവാണെങ്കിലും ശാരീരികക്ഷമതയില്‍ ഇന്ത്യന്‍ ലീഗുകളെക്കാള്‍ ഏറെ മുന്നിലാണെന്നാണ് ആസിഫിന്റെ പക്ഷം. എ.എഫ്.സി. കപ്പില്‍ കളിക്കാമെന്ന മോഹമാണ് മനാങ്ങിന്റെ ക്ഷണം സ്വീകരിക്കാനുള്ള കാരണം. ടൂര്‍ണമെന്റിലെ ആദ്യ കളിക്ക് ശേഷം പരിക്കേറ്റതോടെ ബാക്കി മത്സരങ്ങളില്‍ പുറത്തിരുന്നു.

കളിയിലേക്കുള്ള വരവ്

വേങ്ങര ഊരകം മരത്തുംപള്ളി എം.പി. മൂസയുടെയും ബിയ്യുവിന്റെയും നാല് മക്കളില്‍ ഇളയവനാണ് ആസിഫ്. എം.എസ്.പി., കോട്ടയം ബസേലിയസ് കോളേജ് എന്നിവിടങ്ങളില്‍ കളിപഠിച്ച ശേഷമാണ് പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് ഇറങ്ങിയത്.

തുടക്കം പുണെ എഫ്.സി. അണ്ടര്‍ 19 ടീമിലായിരുന്നു. പിന്നീട് എയര്‍ ഇന്ത്യ, ഒ.എന്‍.ജി.സി. കൊല്‍ക്കത്ത കസ്റ്റംസ് ടീമുകള്‍ക്കായി കളിച്ചു. നാട്ടില്‍ കേരള പ്രീമിയര്‍ ലീഗില്‍ സാറ്റ് തിരൂരിനും കളിച്ചിട്ടുണ്ട്. 23-കാരനായ താരം അടുത്ത സീസണില്‍ ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.ക്കുവേണ്ടി കളിക്കാന്‍ ഒരുങ്ങുകയാണ്.

Content Highlights: Malayalee of Nepal football Manang Marshyangdi player Muhammed Asif