മഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മഡ്രിഡിന് വിജയം. ഗെറ്റാഫെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയല്‍ കീഴടക്കിയത്. ഈ വിജയത്തോടെ റയല്‍ പോയന്റ് പട്ടികയില്‍ ബാഴ്‌സലോണയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.
ആദ്യപകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 60-ാം മിനിട്ടില്‍ കരിം ബെന്‍സേമയാണ് ടീമിനായി ആദ്യം ഗോള്‍ നേടിയത്. പിന്നീട് 66-ാം മിനിട്ടില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡി ടീമിനായി രണ്ടാം ഗോള്‍ നേടി.
ഈ വിജയത്തോടെ റയലിന് 22 മത്സരങ്ങളില്‍ നിന്നും 46 പോയന്റുകളായി. 20 മത്സരങ്ങളില്‍ നിന്നും 51 പോയന്റുള്ള അത്‌ലറ്റിക്കോ മഡ്രിഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 21 മത്സരങ്ങളില്‍ നിന്നും 43 പോയന്റുകള്‍ നേടിയ ബാഴ്‌സലോണ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
Content Highlights: Makeshift Real Madrid edge closer to Atletico Madrid after Getafe win