പാരിസ്: ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു ചുവപ്പ് കാര്‍ഡ് ഇതാദ്യമായിരിക്കാം. ഫ്രഞ്ച് ലീഗില്‍ ലിയോണിന്റെ ബ്രസീല്‍ താരം മാഴ്‌സെലോയാണ് ഫുട്‌ബോളില്‍ കണ്ടുപരിചയമില്ലാത്ത രീതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്ന നിര്‍ഭാഗ്യവാന്‍.

ഫ്രഞ്ച് ലീഗില്‍ ലിയോണും ആഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. 49-ാം മിനിറ്റില്‍ ലിയോണ്‍ രണ്ട് ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആഞ്ചേഴ്‌സിന്റെ സാന്റമരിയയെ മാഴ്‌സെലോ ഫൗള് ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഈ ഫൗളിന് റഫറി മാഴ്‌സെലോക്ക് മഞ്ഞക്കാര്‍ഡ് നല്‍കി.

എന്നാല്‍ റഫറിയുടെ ഈ തീരുമാനം മാഴ്‌സെലോയ്ക്ക് അംഗീകരിക്കാനാവുമായിരുന്നില്ല. പ്രതിഷോധവുമായി ബ്രസീല്‍ താരം റഫറിയുടെ അടുത്തെത്തി. ഈ സമയത്ത് റഫറി മഞ്ഞക്കാര്‍ഡ് തിരിച്ച് പോക്കറ്റില്‍ വെക്കാനൊരുങ്ങുകയായിരുന്നു. റഫറിയുമായി വാഗ്വദത്തില്‍ ഏര്‍പ്പെടുന്നതിനിടെ മാഴ്‌സെലോയുടെ കൈ തട്ടി മഞ്ഞക്കാര്‍ഡ് താഴെ വീണു. 

മാഴ്‌സെലോ വാഗ്വദത്തിന് ശേഷം തിരിഞ്ഞുനടക്കുന്നതിനിടയിലാണ് കൈ തട്ടിയത്. പക്ഷേ മാഴ്‌സെലോ അറിഞ്ഞുകൊല്ല അത് ചെയ്തതെന്ന് വീഡിയയോയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ കുപിതനായ റഫറി മാഴ്‌സെലോക്ക് ചുവപ്പ് കാര്‍ഡ് നല്‍കി. അറിയാതെ സംഭവിച്ചതാണെന്ന് മാഴ്‌സെലോ വ്യക്തമാക്കിയെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പത്ത് പേരായി ചുരുങ്ങിയ ലിയോണിനെ കളി അവസാനിക്കുമ്പോള്‍ 3-3 ന് ആഞ്ചേഴ്‌സ് ക്ലബ് സമനിലയില്‍ കുരുക്കുകയും ചെയ്തു.