മൊണാക്കോ: റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരം. യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഫുട്‌ബോള്‍ താരത്തിന് യുവേഫ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.
റയലില്‍ നിന്ന് ഈ സീസണില്‍ യുവെന്റസിലേക്കു പോയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പ്രീമിയര്‍ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ചിന്റെ നേട്ടം.
റയലിനെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മോഡ്രിച്ച്, റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ നായകനായിരുന്നു ഈ മുപ്പത്തിരണ്ടുകാരന്‍.
മികച്ച താരങ്ങള്‍ക്കുള്ള പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്. മുഹമ്മദ് സലാ മൂന്നാം സ്ഥാനത്തെത്തി. അന്റോയിന്‍ ഗ്രീസ്മാന്‍, ലയണല്‍ മെസ്സി, കിലിയന്‍ എംബപ്പെ, കെവിന്‍ ഡിബ്രൂയിനെ, റാഫേല്‍ വരാന്‍, ഏദന്‍ ഹസാര്‍ഡ്, സെര്‍ജിയോ റാമോസ് എന്നിവരാണ് ആദ്യ പത്തിലുള്ളത്.
കഴിഞ്ഞ സീസണിലെ മികച്ച സ്‌ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു. റയല്‍ മഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസാണ് മികച്ച പ്രതിരോധനിര താരം. റയലിന്റെ തന്നെ കോസ്റ്റാറിക്കന്‍ താരം കെയ്ലര്‍ നവാസാണ് മികച്ച ഗോള്‍കീപ്പര്‍.
ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പും വ്യാഴാഴ്ച നടന്നു. ബാഴ്‌സലോണ, ടോട്ടനം, ഇന്റര്‍മിലാന്‍ എന്നിവര്‍ ബി ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. റയലിന്റെ ഗ്രൂപ്പില്‍ റോമയാണ് പ്രധാന എതിരാളി.
Content Highlights: luka modric beating cristiano ronaldo to top uefa award