ലണ്ടൻ: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ലിവര്‍പൂളിനോടേറ്റ ഞെട്ടുന്ന തോല്‍വിയുമായി ഇപ്പോഴും താദാത്മ്യം പ്രാപിക്കാനായിട്ടില്ല ബാഴ്‌സ താരങ്ങള്‍ക്ക്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മൂന്ന് ഗോളിന്റെ ആദ്യപാദ ലീഡ് കളഞ്ഞുകുളിച്ചത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല താരങ്ങള്‍ക്കും ആരാധകര്‍ക്കും. ഈ ഞെട്ടുന്ന തോല്‍വിയുടെ രോഷവും സങ്കടവും മറച്ചുവയ്ക്കുന്നില്ല താരങ്ങള്‍. ഞങ്ങള്‍ അങ്ങേയറ്റം മുറിവേറ്റവരാണ് എന്നായിരുന്നു സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ പ്രതികരണം.

'ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഒന്ന് സംഭവിക്കുന്നത്. രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരേ തെറ്റ് ആവര്‍ത്തിക്കാനാവില്ല. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എവിടെയൊക്കെയാണ് പിഴച്ചതെന്ന് മുഖം നോക്കാതെ തന്നെ പറയേണ്ടതുണ്ട്. ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ വഴങ്ങുക എന്ന അസാധ്യമാണ്. അവര്‍ നാലാം ഗോള്‍ നേടുമ്പോള്‍ ഞങ്ങള്‍ സ്‌കൂള്‍ കുട്ടികളെപ്പോലെയാണ് കളിച്ചത്. ഇക്കാര്യത്തില്‍ പരിശീലകരെ ചീത്ത വിളിക്കുന്നതില്‍ കാര്യമില്ല. ഞങ്ങളാണ് മാപ്പപേക്ഷിക്കേണ്ടവര്‍-സുവാരസ് പറഞ്ഞു.

ആദ്യപാദ സെമിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് ജയിച്ച ബാഴ്‌സലോണ രണ്ടാംപാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ ഏറ്റുവാങ്ങിയാണ് തോറ്റത്.

Content Highlights: Luis Suarez slams Barcelona teammates after defeat to Liverpool in Uefa Champions League Messi