മഡ്രിഡ്: അത്‌ലറ്റിക്കോ മഡ്രിഡിനായി ഇരട്ട ഗോളുകളുമായി തിളങ്ങി സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ബാഴ്‌സലോണയില്‍ നിന്നും അത്‌ലറ്റിക്കോയിലെത്തിയ താരം തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ഈ ഇരട്ട ഗോള്‍ മികവിലൂടെ സുവാരസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്ഥാപിച്ച റെക്കോഡ് മറികടന്നു.

ഒരു ലാലിഗ ക്ലബ്ബിനായി ആദ്യ 17 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് സുവാരസ് സ്വന്തമാക്കിയത്. ബാഴ്‌സയില്‍ നിന്നും അത്‌ലറ്റിക്കോയിലെത്തിയ താരം ആദ്യ 17 മത്സരങ്ങളില്‍ നിന്നുമായി 16 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇത്രയും കാലം റൊണാള്‍ഡോയാണ് ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നത്. റയലിനായി അരങ്ങേറിയ റൊണാള്‍ഡോ ആദ്യ 15 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളാണ് നേടിയത്. ഈ റെക്കോഡ് സുവാരസ് മറികടന്നു.

ഇരട്ട ഗോളുകള്‍ നേടിയെങ്കിലും ടീമിന് വിജയം സമ്മാനിക്കാന്‍ സുവാരസിന് സാധിച്ചില്ല. സെല്‍റ്റ വിഗോയുമായി അത്‌ലറ്റിക്കോ സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. 

സമനിലയില്‍ പിരിഞ്ഞെങ്കിലും 20 മത്സരങ്ങളില്‍ നിന്നും 51 പോയന്റുകള്‍ നേടി അത്‌ലറ്റിക്കോ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 21 മത്സരങ്ങളില്‍ നിന്നും 43 പോയന്റുകളുള്ള ബാര്‍സ രണ്ടാമതും റയല്‍ മൂന്നാം സ്ഥാനത്തുമാണ്.

Content Highlights: Luis Suarez sets La Liga scoring record previously held by CR7 in Atletico's 2-2 draw with Celta Vigo