photo: Getty Images
യുറഗ്വായ് സൂപ്പര്‍താരം ലൂയിസ് സുവാരസ് ഇനി യൂറോപ്പിലേക്കില്ല. ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന യൂറോപ്യന്‍ ക്ലബ്ബുകളിലെ പന്താട്ടത്തിനു ശേഷം താരം നാട്ടിലേക്ക് തന്നെ മടങ്ങുന്നു. ബാല്യകാല ക്ലബ്ബായ നാഷണലിലേക്കാണ് സുവാരസിന്റെ കൂടുമാറ്റം. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ സുവാരസ് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മഡ്രിഡ് വിട്ടിരുന്നു. താരത്തിന്റെ പുതിയ ക്ലബ്ബിനെ പറ്റി നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നുവന്നത്. മുന്‍ സഹതാരം സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയിലേക്ക് കൂടുമാറുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിനായി നിരവധി ക്ലബ്ബുകളും രംഗത്ത് വന്നു. എന്നാല്‍ യുറഗ്വായന്‍ ക്ലബ്ബ് നാഷണലുമായി ധാരണയിലെത്തിയതായും നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുവാരസ് പറഞ്ഞു.
2005-ല്‍ യുറഗ്വായന്‍ ക്ലബ്ബ് നാഷണലില്‍ കളിച്ചുകൊണ്ടാണ് സുവാരസ് സീനിയര്‍ കരിയര്‍ തുടങ്ങുന്നത്. പിന്നീടാണ് ഗ്രോണിങ്കെന്‍, അയാക്‌സ് എന്നീ ഡച്ച് ക്ലബ്ബുകളിലേക്ക് താരം കൂടുമാറുന്നത്. ശേഷം പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂള്‍ താരത്തെ സ്വന്തമാക്കി. പ്രീമിയര്‍ ലീഗില്‍ ഏവരേയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു സുവാരസിന്റേത്. 2013-14 സീസണില്‍ പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും കരസ്ഥമാക്കി.
2014-ല്‍ ലിവര്‍പൂള്‍ വിട്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് ചേക്കേറി. അപ്പോഴേക്കും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായി സുവാരസ് മാറിയിരുന്നു. ബാഴ്‌സയ്ക്കായി നാല് ലാ ലിഗ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവുമടക്കം നിരവധി കിരീടനേട്ടത്തില്‍ പങ്കാളിയായി. കറ്റാലന്‍ ക്ലബ്ബിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന മൂന്നാമത്തെ താരമായും സുവാരസ് മാറി. 2020-ലാണ് അത്‌ലറ്റിക്കോ മഡ്രിഡിലേക്ക് പോകുന്നത്.
നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ യുറഗ്വായ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കാനുളള തയ്യാറെടുപ്പിലാണ് സുവാരസ്. അത് കൂടി ലക്ഷ്യമിട്ടാണ് താരം യുറഗ്വായ് ക്ലബ്ബ് തന്നെ തിരഞ്ഞെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..