ലൂയിസ് സുവാരസിന് പ്രായമായി, ഇനി ബാഴ്‌സലോണ ടീമില്‍ കളിക്കാന്‍ യോഗ്യനല്ല. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലക കുപ്പായം എടുത്തണിഞ്ഞതിനു പിന്നാലെ റൊണാള്‍ഡ് കോമാന്‍ എന്ന പരിശീലകന്‍ നടത്തിയ പ്രസ്താവനയായിരുന്നു ഇത്. ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന തന്നെ പുറത്താക്കിയ കോമാനോടുള്ള പ്രതികാരമായിരുന്നു സുവാരസിന് കഴിഞ്ഞ ദിവസം ബാഴ്‌സയ്‌ക്കെതിരായ മത്സരം. അത്‌ലറ്റിക്കോ മാഡ്രിഡിനായി ഒരു ഗോള്‍ നേടുകയും ഒന്നിന് വഴിവെക്കുകയും ചെയ്ത സുവാരസിന്റെ മികവില്‍ ലാ ലിഗയില്‍ അത്‌ലറ്റിക്കോ ബാഴ്‌സയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തകര്‍ത്തത്. 

തന്റെ മുന്‍ ക്ലബ്ബിനെതിരായ ഗോള്‍ നേട്ടം ആഘോഷിക്കാതിരുന്ന സുവാരസ്, പക്ഷേ ഫോണ്‍ വിളിക്കുന്ന ആംഗ്യം ഗാലറിക്ക് നേരെ കാണിച്ചു. ഒരു ഫോണ്‍കോളിലൂടെയാണ് കോമാന്‍ സുവാരസിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്ന കാര്യം അറിയിച്ചതെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നത്തെ ആ ഫോണ്‍കോളിനുള്ള മധുര പ്രതികാരമായി സുവാരസിന് ഈ മത്സരം. 

കഴിഞ്ഞ സീസണില്‍ ബാഴ്‌സ ഒഴിവാക്കിയ 34-കാരനായ സുവാരസ് അത്‌ലറ്റിക്കോയ്ക്കായി 21 ഗോളുകള്‍ നേടി ടീമിനെ കഴിഞ്ഞ സീസണില്‍ ലാ ലിഗ ജേതാക്കളാക്കിയിരുന്നു. 

മറുവശത്ത് മെസ്സിയടക്കമുള്ള പ്രധാന താരങ്ങള്‍ പലരും ക്ലബ്ബ് വിട്ടതോടെ കിതയ്ക്കുകയാണ് ബാഴ്‌സലോണ. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോടും ബെന്‍ഫിക്കയോടും തോറ്റതോടെ ആദ്യ റൗണ്ട് കടക്കുമോ എന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ ആറു മത്സരങ്ങളില്‍ ജയിക്കാനായത് ഒന്നില്‍ മാത്രം. കോമാന്‍ പരിശീലകനായി എത്തിയതോടെ ടീമിന്റെ പ്രകടനം താഴേക്കാണ്.

Content Highlights: Luis Suarez mocks Barcelona coach Ronald Koeman with goal celebration