വല്ലാഡോളിഡ്: 'നന്ദി, ചിലർ ഇറക്കിവിട്ടപ്പോൾ എനിക്ക് മുന്നിൽ വാതിൽ തുറന്നു തന്നതിന്' അത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടമുയർത്തിയതിന് പിന്നാലെ നന്ദി പറഞ്ഞ് ലൂയി സുവാരസ്. 2014-ന് ശേഷം ആദ്യമായി അത്ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യൻമാരായപ്പോൾ വിജയഗോൾ പിറന്നത് സുവാരസിന്റെ കാലിൽ നിന്നായിരുന്നു.

വല്ലാഡോളിഡിനെതിരേ സമനിലപ്പൂട്ട് പൊളിച്ച ആ ഗോൾ വന്നത് 67-ാം മിനിറ്റിലായിരുന്നു. ഒപ്പം സുവാരസിന്റെ അക്കൗണ്ടിൽ ഈ സീസണിൽ 21 ഗോളുകളുമെത്തി. ബാഴ്സലോണയിൽ നിന്ന് പുറത്താക്കിയപ്പോൾ സുവാരസിനെ സ്വീകരിച്ച സിമിയോണിയുടെ തന്ത്രം പാളിയില്ല.

മത്സരശേഷം അത്ലറ്റിക്കോ താരങ്ങൾ ആനന്ദനൃത്തം ചവിട്ടിയിപ്പോൾ കണ്ണീരടക്കാനാകാതെ ഗ്രൗണ്ടിലിരിക്കുകയായിരുന്നു സുവാരസ്. ബാഴ്സലോണയിൽ നിന്ന് പുറത്താക്കപ്പെട്ടതും വയസ്സൻ എന്ന പരിഹാസവിളിയുമെല്ലാം ആ നിമിഷം സുവാരസിന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകാം. എന്നാൽ അതെല്ലാം മായ്ച്ചുകളയുന്നതായിരുന്നു സുവാരസിന്റെ കണ്ണിൽ നിന്നുതിർന്നു വീണ കണ്ണീര്.

Content Highlights: Luis Saurez Atletico Madrid La Liga Champions Football