മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ബാഴ്‌സലോണ. ഈ സീസണില്‍ ഇതാദ്യമായാണ് ബാഴ്‌സ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ജയിച്ചുകയറുന്നത്. 

വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സ മറികടന്നത്. വിയ്യാറയലിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ അവസാന ആറു മിനിറ്റിനുള്ളില്‍ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. 

48-ാം മിനിറ്റില്‍ ഫ്രാങ്കി ഡിയോങ്ങിലൂടെ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. 76-ാം മിനിറ്റില്‍  സാമുവല്‍ ചുക്വുസെയിലൂടെ വിയ്യാറയല്‍ സമനില പിടിച്ചു. ഗ്രോയെന്‍വെല്‍ഡിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 

മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തില്‍ 88-ാം മിനിറ്റില്‍ മെംഫിസ് ഡീപേയിലൂടെ ബാഴ്‌സ മുന്നിലെത്തി. വിയ്യാറയല്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.

തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ബാഴ്‌സയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിക്കുകയും ചെയ്തു. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിലിപ്പെ കുടീഞ്ഞ്യോ ബാഴ്‌സയ്ക്ക് വിജയവും സമ്മാനിച്ചു.

Content Highlights: Lucky Barcelona escape with crucial win over villarreal