എഫ്എ കപ്പിൽ ജേതാക്കളായ ലിവർപൂൾടീം കീരീടവുമായി ആഘോഷിക്കുന്നു |ഫോട്ടോ:AFP
വെംബ്ലി; എഫ്എ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ലിവര്‍പൂള്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെല്‍സിയെ കീഴടക്കിയാണ് ലിവര്‍പൂള്‍ കിരീടം നേടിയത്. ലിവര്‍പൂളിന്റെ എട്ടാം എഫ്എ കപ്പ് കിരീടമാണിത്. എഫ്എ കപ്പിന്റെ കലാശപ്പോരില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ചെല്‍സി തോല്‍ക്കുന്നത്. ഈ സീസണിലെ ലിവര്‍പൂളിന്റെ രണ്ടാം കിരീടമാണിത്. നേരത്തേ ലീഗ് കപ്പും ചെമ്പട സ്വന്തമാക്കിയിരുന്നു.
എഫ്എ കപ്പ് കലാശപ്പോരിലെ ആദ്യത്തെ മിനിറ്റുകളില്‍ തന്നെ ലിവര്‍പൂള്‍ ആക്രമിച്ച് കളിച്ചു. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച ലിവര്‍പൂള്‍ പന്ത് കൈവശം വെക്കുന്നതിലും ആധിപത്യം പുലര്‍ത്തി. ആദ്യത്തെ 15 മിനിറ്റില്‍ 67% ബോള്‍ പൊസ്സഷനാണ് ഉണ്ടായിരുന്നത്. ലിവര്‍പൂള്‍ മുന്നേറ്റങ്ങളെ ചെല്‍സി മനോഹരമായി പ്രതിരോധിച്ചു. പിന്നീട് ചെല്‍സിയും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. മികച്ച സേവുകളുമായി ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അല്ലിസണ്‍ ബെക്കര്‍ തിളങ്ങി. 33-ാം മിനിറ്റില്‍ ലിവര്‍പൂളിന് വന്‍ തിരിച്ചടിയേറ്റു. പരിക്കേറ്റ് സൂപ്പര്‍താരം മുഹമ്മദ് സല മൈതാനം വിട്ടു. പകരക്കാരനായി ഡീഗോ ജോട്ടയാണ് കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ജോട്ടയാണ്. നിരവധി മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോള്‍രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.
ചെല്‍സിയുടെ മൂര്‍ച്ചയേറിയ ആക്രമണങ്ങളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. നീലപ്പടയുടെ മുന്നേറ്റങ്ങള്‍ ലിവര്‍പൂള്‍ പെനാല്‍റ്റി ബോക്‌സില്‍ നിരന്തരം ഭീതി വിതച്ചു. എന്നാല്‍ ലിവര്‍പൂള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. പതിയെ ആക്രമണങ്ങളുടെ കെട്ടഴിച്ചു വിട്ട് ക്ലോപ്പും സംഘവും മുന്നേറി. കളിയുടെ അവസാന മിനിറ്റുകളില്‍ ലിവര്‍പൂള്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. നീലപ്പടയുടെ പെനാല്‍റ്റി ബോക്‌സില്‍ ലിവര്‍പൂള്‍ താരങ്ങള്‍ പലകുറി കറിയിറങ്ങി. പക്ഷേ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയും ഗോള്‍ രഹിതമായി അവസാനിച്ചതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിലും വിജയിയെ നിര്‍ണയിക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടില്‍ ചെല്‍സിയെ 6-5ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ എട്ടാം എഫ്എ കപ്പ് കിരീടം നേടിയത്. ചെല്‍സിയും എട്ട് തവണ എഫ്എ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തേ ലീഗ് കപ്പിന്റെ ഫൈനലിലും ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂള്‍ ചെല്‍സിയെ തോല്‍പ്പിക്കുകയായിരുന്നു. 2000-01 സീസണിനുശേഷം, ഒരു സീസണില്‍ തന്നെ ഇംഗ്ലണ്ടിലെ ഡൊമസ്റ്റിക് കപ്പ് കോമ്പറ്റീഷനുകളില്‍ വിജയിക്കുന്ന ടീമായും ലിവര്‍പൂള്‍ മാറി.
ഇതിനു മുമ്പ് ചെല്‍സിയും ലിവര്‍പൂളും എഫ്എ കപ്പിന്റെ കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത് 2012-ലാണ്. അന്ന് നീലപ്പടയാണ് കിരീടത്തില്‍ മുത്തമിട്ടത്. ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം എഫ്എ കപ്പ് ഫൈനലായിരുന്നു ഇത്. 2020-ല്‍ ആഴ്‌സണലിനോടും 2021-ല്‍ ലെസ്റ്റര്‍ സിറ്റിയോടും പരാജയപ്പെട്ടു. ഇതിന് മുന്നേ ആഴ്‌സണലാണ് തുടര്‍ച്ചയായി മൂന്ന് എഫ്എ കപ്പ് ഫൈനല്‍ കളിച്ച ടീം.
Content Highlights: LIVERPOOL WIN THE 2022 FA CUP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..