ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ ഇന്ന് ലിവര്‍പൂളിന്റെ ദിവസമായിരുന്നു. ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമതെത്തിയതിന്റെ ഭീതിയുമായി കളിച്ച ലിവര്‍പൂള്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചു. തോല്‍പ്പിച്ചതാകട്ടെ, കരുത്തരായ ചെല്‍സിയേയും. 

കളിയുടെ തുടക്കം മുതല്‍ ആക്രമണം നടത്തിയത് ലിവര്‍പൂള്‍ ആയിരുന്നു. ആദ്യ ഗോള്‍ വന്നത് രണ്ടാം പകുതിയില്‍. 51-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ഹെന്‍ഡേഴ്‌സണ്‍ ചെല്‍സിയുടെ ബോക്‌സില്‍ നിന്ന് എടുത്ത് നല്‍കിയ ചിപ്‌ക്രോസ് ഹെഡ് ചെയ്ത് മാനെ വലയില്‍ എത്തിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ അടുത്ത ഗോളുമെത്തി. ഈ സീസണിലെ ഏറ്റവും മികച്ച ഗോള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇടങ്കാലന്‍ ക്രോസ്. ഗോള്‍ നേടിയത് സല. ബോക്‌സിന് പുറത്തു നിന്നുള്ള ആ ഷോട്ട് തടയാന്‍ ചെല്‍സി ഗോളിക്ക് കഴിഞ്ഞില്ല. 

അതേസമയം ക്രിസ്റ്റല്‍ പാലസിനെ 3-1ന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗബ്രിയേല്‍ ജീസസിന്റെ വകയായിരുന്നു ഒരു ഗോള്‍. ക്രിസ്റ്റല്‍ പാലസിനായി ലൂക്ക മിലിവോജെവിക് ലക്ഷ്യം കണ്ടു. 

വിജയത്തോടെ ലിവര്‍പൂള്‍ 85 പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തി. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 83 പോയിന്റുമായി രണ്ടാമതുണ്ട്. എന്നാല്‍ സിറ്റിക്ക് ഇനി വരാനുള്ളത് കടുപ്പമേറിയ മത്സരങ്ങളാണ് എന്നത് ലിവര്‍പൂളിന് പ്രതീക്ഷ നല്‍കുന്നു. അതേസമയം ലിവര്‍പൂളിനെതിരായ പരാജയം ചെല്‍സിയുടെ ടോപ്പ് ഫോര്‍ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയാകും. 

 

Content Highlights: Liverpool top table with win over Chelsea