ലണ്ടന്‍: 30 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കിരീടം നേടിയ ലിവര്‍പൂളിനെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി വരവേറ്റത്. ചെമ്പടയ്ക്ക് സിറ്റി നല്‍കിയ ബഹുമാനം അവിടെ തീര്‍ന്നിരുന്നു. മത്സരം കഴിഞ്ഞപ്പോള്‍ വിരുന്നെത്തിയ ലിവര്‍പൂളിന്റെ വലയില്‍ നാലു ഗോളുകളാണ് സിറ്റി അടിച്ചുകയറ്റിയത്. അഞ്ചാം ഗോളും നേടിയെങ്കിലും വാര്‍ പരിശോധനയില്‍ സിറ്റിയുടെ ഒരു ഗോള്‍ അനുവദിക്കപ്പെട്ടില്ല.
പ്രീമിയര്‍ ലീഗ് കിരീടം തട്ടിയെടുത്ത ലിവര്‍പൂളിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സിറ്റി മുക്കിയത്. ഈ അടുത്തകാലത്ത് ചെമ്പട നേരിട്ട ഏറ്റവും വലിയ പരാജയവും ഇതാണ്. കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഇതാദ്യമാണ് തുടര്‍ച്ചയായ അഞ്ച് എവേ മത്സരങ്ങളില്‍ ചെമ്പട ഗോള്‍ നേടാതെ മടങ്ങുന്നത്.
ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍. 25-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച കെവിന്‍ ഡിബ്രുയിനാണ് സിറ്റിക്ക് ലീഡ് നല്‍കിയത്. സ്റ്റെര്‍ലിങ്ങിനെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പിന്നാലെ 35-ാം മിനിറ്റില്‍ സ്റ്റെര്‍ലിങ് സിറ്റിയുടെ ലീഡുയര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫില്‍ ഫോഡന്‍ അവരുടെ മൂന്നാം ഗോളും നേടി. 66-ാം മിനിറ്റില്‍ ചെംബര്‍ലെയ്‌നിന്റെ സെല്‍ഫ് ഗോളും കൂടിയായതോടെ കിരീട നേട്ടത്തിനു പിന്നാലെയുള്ള മത്സരം ലിവര്‍പൂളിന് നിരാശയായി.
Content Highlights: Liverpool thrashed 4-0 by Man City in 1st game as champions