ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. താരതമ്യേന ദുര്‍ബലരായ ബ്രൈറ്റണാണ് ചെമ്പടയെ അട്ടിമറിച്ചത്. മാഞ്ചെസ്റ്റര്‍ സിറ്റിയും ലെസ്റ്റര്‍ സിറ്റിയും എവര്‍ട്ടണും 

ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രൈറ്റണ്‍ വിജയിച്ചുകയറിയത്. 56-ാം മിനിട്ടില്‍ സ്റ്റീവന്‍ അല്‍സാറ്റെ ടീമിനായി വിജയഗോള്‍ നേടി. മത്സരത്തില്‍ ആധിപത്യമുണ്ടായിരുന്നിട്ടും ലിവര്‍പൂളിന് വിജയം നേടാനായില്ല. കഴിഞ്ഞ അഞ്ചുമത്സരങ്ങള്‍ക്കിടയില്‍ ടീം വഴങ്ങുന്ന രണ്ടാം തോല്‍വിയാണിത്. ഈ തോല്‍വിയോടെ ലിവര്‍പൂള്‍ 22 മത്സരങ്ങളില്‍ നിന്നും 40 പോയന്റുമായി നാലാം സ്ഥാനത്തേക്ക് വീണു. ബ്രൈറ്റണ്‍ ഇത്രയും മത്സരങ്ങളില്‍ നിന്നും 24 പോയന്റുമായി 15-ാം സ്ഥാനത്തേക്കുയര്‍ന്നു.

മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ബേണ്‍ലിയെ കീഴടക്കി. മൂന്നാം മിനിട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസും 38-ാം മിനിട്ടില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ടീമിനായി ഗോളുകള്‍ നേടി. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള അകലം മൂന്നു പോയന്റാക്കാന്‍ സിറ്റിയ്ക്ക് സാധിച്ചു. നിലവില്‍ 21 മത്സരങ്ങളില്‍ നിന്നും 47 പോയന്റുള്ള സിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു മത്സരം കൂടുതല്‍ കളിച്ച് 47 പോയന്റുകളുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്.

ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. 17-ാം മിനിട്ടില്‍ കെലെച്ചി ഇഹെനാച്ചോയും 44-ാം മിനിട്ടില്‍ ജെയിംസ് ജസ്റ്റിനും ടീമിനായി സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ 22 മത്സരങ്ങളില്‍ നിന്നും 42 പോയന്റുകളുമായി ലെസ്റ്റര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

എവര്‍ട്ടണ്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കി. സിഗ്യുറോസ്സനും കാള്‍വെര്‍ട്ട് ലെവിനും എവര്‍ട്ടണ് വേണ്ടി ഗോള്‍ നേടിയപ്പോള്‍ റാഫീന ലീഡ്‌സിന് ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ എവര്‍ട്ടണ്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുന്നു.

തുല്യശക്തികളുടെ പോരാട്ടത്തില്‍ ആസ്റ്റണ്‍ വില്ലയെയാണ് വെസ്റ്റ് ഹാം പരാജയപ്പെടുത്തിയത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും വെസ്റ്റ് ഹാമിലെത്തിയ ജെസ്സെ ലിന്‍ഗാര്‍ഡ് ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോള്‍ തോമസ് മറ്റൊരു ഗോള്‍ നേടി. ആസ്റ്റണ്‍ വില്ലയ്ക്കായി ഒല്ലി വാറ്റ്കിന്‍സ് ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ വില്ല ഒന്‍പതാം സ്ഥാനത്തേക്ക് വീണു.

Content Highlights: Liverpool stunned by Brighton as Manchester City move three points clear in Premier League