ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ സിറ്റി ടീമുകള്‍ വിജയിച്ചപ്പോള്‍ ആഴ്‌സനലിന് വീണ്ടും തോല്‍വി. 

ലിവര്‍പൂള്‍ എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. ഈ വിജയത്തോടെ ടീം ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലിവര്‍പൂളിന് വേണ്ടി ഫിര്‍മിനോ, മുഹമ്മദ് സല എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മിനാമിനോ, മാനെ, ഹെന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിനുശേഷം ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് നേടുന്ന ആദ്യ വിജയമാണിത്.

കരുത്തരായ സതാംപ്ടണെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചെസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. സിറ്റിയ്ക്കായി 16-ാം മിനിട്ടില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ സിറ്റി പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 

എന്നാല്‍ ആഴ്‌സനലിന്റെ കഷ്ടകാലം തീരുന്നില്ല. ഇത്തവണ എവര്‍ട്ടണിനോടാണ് ഗണ്ണേഴ്‌സ് പരാജയപ്പെട്ടത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് എവര്‍ട്ടണ്‍ വിജയിച്ചത്. എവര്‍ട്ടണിനായി മിന ഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ ആഴ്‌സനല്‍ താരം ഹോള്‍ഡിങ്ങിന്റെ സെല്‍ഫ് ഗോളായിരുന്നു. ആഴ്‌സനലിനായി നിക്കോളാസ് പെപ്പെ പെനാല്‍ട്ടിയിലൂടെ ആശ്വാസ ഗോള്‍ നേടി. ടീം കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ ഇതുവരെ വിജയിച്ചിട്ടില്ല. അഞ്ചില്‍ നാലുതോല്‍വിയും ഒരു പരാജയവുമാണ് ആഴ്‌സനലിനുള്ളത്. പോയന്റ് പട്ടികയില്‍ 14 മത്സരങ്ങളില്‍ നിന്നും വെറും നാല് വിജയങ്ങള്‍ മാത്രമുള്ള ടീം 15-ാം സ്ഥാനത്താണ്. 

ലീഗിലെ മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡ് ഫുള്‍ഹാമിനെ സമനിലയില്‍ തളച്ചു.

Content Highlights: Liverpool sinks Crystal Palace Manchester City beat Southampton Arsenal lost to Everton