ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് വിജയം. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെമ്പട തകര്‍ത്തത്. 

ലിവര്‍പൂളിനായി മുഹമ്മദ് സല, ഫാബീന്യോ, സാദിയോ മാനെ എന്നിവര്‍ ലക്ഷ്യം കണ്ടു. മുഹമ്മദ് സല ലിവര്‍പൂളിനായി നേടുന്ന 100-ാം ഗോളാണ് മത്സരത്തില്‍ പിറന്നത്. 

എന്നാല്‍ യുവതാരം ഹാര്‍വി എലിയട്ട് ഗുരുതരമായി പരിക്കേറ്റ് പുറത്തായത് ലിവര്‍പൂളിന് തിരിച്ചടിയായി. മത്സരത്തിന്റെ 58-ാം മിനിട്ടില്‍ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പന്ത് സ്വീകരിച്ച് മുന്നേറുന്ന സമയത്താണ് എലിയട്ടിന് പരിക്കേറ്റത്. 

ലീഡ്‌സിന്റെ പ്രതിരോധതാരം പാസ്‌കല്‍ സ്ട്രൂയിക്ക് എലിയട്ടിനെ തടയാന്‍ ശ്രമിച്ചു. ഇതിനിടെ എലിയട്ട് ഗ്രൗണ്ടില്‍ മുട്ടിടിച്ച് വീഴുകയായിരുന്നു. പാസ്‌കലുമായുള്ള കൂട്ടിയിടിയില്‍ താരത്തിന്റെ കണങ്കാലിന്റെ സ്ഥാനം തെറ്റി. വേദനകൊണ്ട് പുളഞ്ഞ 18 കാരനായ എലിയട്ടിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവതാരം വിശ്രമത്തിലാണ്. ഗുരുതരമായി ഫൗള്‍ ചെയ്ത പാസ്‌കലിന് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചു.

ഈ വിജയത്തോടെ ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് പട്ടികയില്‍ ഒന്നാമത്. ചെല്‍സി രണ്ടാം സ്ഥാനത്ത് തുടരുന്നു.

Content Highlights:Liverpool's Harvey Elliott suffers horrific Injury, dislocates his knee in Leeds clash