photo:twitter/Liverpool FC
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രവിജയവുമായി ലിവര്‍പൂള്‍. കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തെറിഞ്ഞത്. യുണൈറ്റഡിനെതിരേ ലിവര്‍പൂളിന്റെ ഏറ്റവും വലിയ വിജയമാണിത്. സമീപകാലത്ത് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന യുണൈറ്റഡിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ആന്‍ഫീല്‍ഡിലെ തോല്‍വി.
സ്വന്തം തട്ടകത്തില്‍ മുഹമ്മദ് സല, കോഡി ഗാക്‌പോ, ഡാര്‍വിന്‍ ന്യൂനസ് എന്നീ സൂപ്പര്‍ താരങ്ങളെ മുന്നേറ്റത്തിലിറക്കിയാണ് ക്ലോപ്പ് യുണൈറ്റഡിനെ നേരിട്ടത്. മത്സരത്തിന്റെ 43-ാം മിനിറ്റില്‍ കോഡി ഗാക്‌പോയാണ് ചെമ്പടയ്ക്ക് ലീഡ് സമ്മാനിച്ചത്. ആന്‍ഡി റോബര്‍ട്‌സന്റെ ത്രൂബോളില്‍ നിന്ന് ഇടത് വിങ്ങിലൂടെ മുന്നേറിയ ഗാക്‌പോ പ്രതിരോധതാരത്തെ നിഷ്പ്രഭമാക്കി മനോഹരമായി ലക്ഷ്യം കണ്ടു. ആദ്യ പകുതി ഒരു ഗോളിനാണ് ലിവര്‍പൂള്‍ മുന്നിട്ടുനിന്നത്.
രണ്ടാം പകുതിയില്‍ ആന്‍ഫീല്‍ഡ് ഒന്നടങ്കം പൊട്ടിത്തെറിക്കുന്ന രംഗങ്ങളാണ് കാണാനായത്. 47-ാം മിനിറ്റില്‍ ഹെഡറിലൂടെ ന്യൂനസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 50-ാം മിനിറ്റില്‍ കോഡി ഗാക്‌പോ മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി. പകരക്കാരെ കളത്തിലിറക്കി യുണൈറ്റഡ് തിരിച്ചടിക്കാനൊരുങ്ങവേ മുഹമ്മദ് സലയും ഗോള്‍ പട്ടികയിലിടം നേടി. പിന്നാലെ ന്യൂനസ് വീണ്ടുമൊരു ഹെഡര്‍ ഗോളുമായി കത്തിക്കയറി.
ലിവര്‍പൂള്‍ ഗോള്‍ മഴ പെയ്യിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞെട്ടലോടെ നോക്കിനില്‍ക്കാന്‍ മാത്രമേ പരിശീലകന്‍ ടെന്‍ഹാഗിന് സാധിച്ചുള്ളൂ. 83-ാം മിനിറ്റില്‍ സലയും 88-ാം മിനിറ്റില്‍ റൊബര്‍ട്ടോ ഫിര്‍മിന്യോയും വലകുലുക്കിക്കൊണ്ട് പതനം സമ്പൂര്‍ണമാക്കി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും മുഹമ്മദ് സല കരസ്ഥമാക്കി. 128 ഗോളുകളുള്ള ഇതിഹാസതാരം റോബി ഫൗളറിനേയാണ് സല മറികടന്നത്. 1908-ന് ശേഷം ആദ്യമായാണ് മൂന്ന് ലിവര്‍പൂള്‍ താരങ്ങള്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ രണ്ടോ അതിലധികമോ ഗോള്‍ നേടുന്നത്.
കിരീടപോരാട്ടത്തില്‍ മുന്നിലെത്താനുള്ള ചുവന്ന ചെകുത്താന്മാരുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ പരാജയം. അതേ സമയം ആദ്യ നാലിലെത്താനുള്ള കുതിപ്പിലാണ് ക്ലോപ്പും സംഘവും. 25 മത്സരങ്ങളില്‍ നിന്ന് 49 പോയന്റുമായി നിലവില്‍ മൂന്നാമതാണ് യുണൈറ്റഡ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 42 പോയന്റോടെ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്താണുള്ളത്.
Content Highlights: Liverpool Rewrite Record Books In 7-0 Thrashing Of Manchester United
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..