ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍. വോള്‍വ്‌സിനേ ഒന്നിനെതിരേ രണ്ട് ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ഇപിഎല്‍ ഈ സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ 14-ാമത്തെ വിജയമാണിത്.
ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച രണ്ടാമത്തെ ടീമെന്ന റെക്കോഡില്‍ ചെല്‍സിയുടെ ഒപ്പമെത്താനും ലിവര്‍പൂളിന് കഴിഞ്ഞു. അവസാനം കളിച്ച 40 മത്സരങ്ങളില്‍ ലിവര്‍പൂള്‍ ഇതുവരെ തോറ്റിട്ടില്ല. 49 മത്സരങ്ങള്‍ തോല്‍ക്കാതെ കളിച്ച ആഴ്‌സണല്‍ ആണ് ഈ റെക്കോഡില്‍ ലിവര്‍പൂളിന് മുന്നിലുള്ളത്.
വോള്‍വ്‌സിനെതിരായ വിജയത്തോടെ 67 പോയിന്റുമായി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലെത്തി. ഒരു മത്സരം കൂടുതല്‍ കളിച്ച, രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ അക്കൗണ്ടില്‍ 51 പോയിന്റ് മാത്രമാണുള്ളത്.
മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ജോര്‍ദാന്‍ ഹാന്‍ഡേഴ്‌സണിലൂടെ ലിവര്‍പൂള്‍ ലീഡെടുത്തു. പിന്നീട് ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ല. 54-ാം മിനിറ്റില്‍ റൗള്‍ സിമ്മെന്‍സിലൂടെ വോള്‍വ്‌സ് ഒപ്പമെത്തി. ഏഴ് മത്സരങ്ങള്‍ക്ക് ശേഷം ലിവര്‍പൂള്‍ വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
കളി അവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ ലിവര്‍പൂള്‍ വിജയഗോള്‍ നേടി. റോബര്‍ട്ടൊ ഫിര്‍മിന്യോ ആയിരുന്നു ഗോള്‍സ്‌കോറര്‍. ഇതോടെ ഈ സീസണില്‍ ലിവര്‍പൂളിനെ ആരു തോല്‍പ്പിക്കും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 30 വര്‍ഷത്തെ ലീഗ് കിരീടമെന്ന ലിവര്‍പൂളിന്റെ കാത്തിരിപ്പ് ഈ സീസണോടെ അവസാനിക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.
Simply sensational, Bobby 🤩😍🤩 pic.twitter.com/AyUgGSMeJe
— Liverpool FC (@LFC) January 24, 2020
Content Highlights: Liverpool overcomes Wolves challenge to win 14th straight