കൊല്‍ക്കത്ത: ഇത്തവണ ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ കൊല്‍ക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി ലിവര്‍പൂളിന്റെ ഇതിഹാസ താരം റോബി ഫോവ്‌ളറെ നിയമിച്ചു. 

ഈസ്റ്റ് ബംഗാള്‍ ഉടമ ഹരി മോഹന്‍ ബംഗുര്‍ വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. രണ്ടു വര്‍ഷത്തെ കരാറിലാണ് റോബി ഇന്ത്യയിലേക്കെത്തുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് ഹരി മോഹന്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ എ ലീഗ് ക്ലബ് ബ്രിസ്‌ബെയ്ന്‍ റോര്‍ എഫ്.സിയില്‍ നിന്നാണ് റോബി ഈസ്റ്റ് ബംഗാളിന്റെ ഭാഗമാകുന്നത്. തായ്‌ലന്‍ഡിന്റെ ടോപ് ഡിവിഷന്‍ ക്ലബ്ബായ മുവാങ്‌തോങ് യുണൈറ്റഡിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 

ലിവര്‍പൂളിന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന റോബി 1993-ലാണ് സീനിയര്‍ ടീമിന്റെ ഭാഗമാകുന്നത്. 2001 വരെ ലിവര്‍പൂളില്‍ തുടര്‍ന്ന താരം പിന്നീട് ലീഡ്‌സ് യുണൈറ്റഡിലേക്കും അവിടെ നിന്ന് മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കും പോയി. കാര്‍ഡിഫ് സിറ്റി, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. 

163 ഗോളുകളുമായി പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഗോള്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനക്കാരനാണ് റോബി. 

അതേസമയം ഈസ്റ്റ് ബംഗാള്‍ ഇനി മുതല്‍ എസ്.സി ഈസ്റ്റ് ബംഗാള്‍ എന്നാകും അറിയപ്പെടുകയെന്ന് ക്ലബ്ബിന്റെ 76 ശതമാനും ഓഹരികളുടെ ഉടമകളായ ശ്രീ സിമന്റ് ലിമിറ്റഡ് അറിയിച്ചു. കോര്‍പ്പറേറ്റ് ഗ്രൂപ്പായതിനാല്‍ നിയമം അനുസരിച്ച് ശ്രീ സിമന്റ് ഈസ്റ്റ് ബംഗാള്‍ എന്ന പേര് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ എസ്.സി എന്ന ചുരുക്കപ്പേര് ക്ലബ്ബിന്റെ പേരിനു മുന്നില്‍ ചേര്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു.

Content Highlights: Liverpool legend Robbie Fowler appointed as East Bengal head coach