കെയ്‌റോ: ലിവര്‍പൂളിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഈജിപ്തിന് വേണ്ടി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാമത്സരത്തിന് കളിക്കാന്‍ പോയതിനുശേഷമാണ് സലയ്ക്ക് കോവിഡ് പോസിറ്റീവാകുന്നത്. കഴിഞ്ഞയാഴ്ചയാണ് താരത്തിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

രണ്ടാമത് നടത്തിയ ടെസ്റ്റിലും പോസറ്റീവായതോടെ ലിവര്‍പൂളും ഈജിപ്തും ആശങ്കയിലാണ്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സലയില്ലാതെ മത്സരത്തിനിറങ്ങിയ ഈജിപ്ത് ടോഗോയെ 3-1 ന് പരാജയപ്പെടുത്തി.

'എന്റെ കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി. എത്രയും പെട്ടന്ന് കളിക്കളത്തിലേക്ക് മടങ്ങിവരാനാകുമെന്നാണ് പ്രതീക്ഷ'സല ട്വീറ്റ് ചെയ്തു

ലിവര്‍പൂളിന് വേണ്ടി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സല പുറത്തെടുത്തത്. ഈ സീസണില്‍ ഇതിനോടകം എട്ടു ഗോളുകള്‍ നേടിയ സലയ്ക്ക് അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനോടും ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലാന്റയോടുമാണ് ലിവര്‍പൂളിന് മത്സരിക്കാനുള്ളത്. 

Content Highlights: Liverpool forward Mohamed Salah returns 2nd positive Covid-19 test