ലണ്ടന്‍: 30 വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ചെമ്പട കിരീടം ഉറപ്പിച്ചത്. 1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ അവസാന ലാപ്പില്‍ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട ആന്‍ഫീല്‍ഡിലെത്തിച്ചു.

ലീഗില്‍ ഏഴു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചെമ്പട കിരീടം ഉറപ്പിച്ചത്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര നേരത്തെ ഒരു ടീം കിരീടം ഉറപ്പിക്കുന്നത്. 2000-2001 സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും 2017-2018 സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും അഞ്ച് മത്സരം ബാക്കി നില്‍ക്കെ കിരീടം സ്വന്തമാക്കിയിരുന്നു. ചെമ്പടയുടെ 19-ാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. 

31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 86 പോയന്റ് നേടിയാണ് ചെമ്പട കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ ലിവര്‍പൂള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ജയിച്ചിരുന്നു. ലീഗില്‍ വാട്ട്‌ഫോര്‍ഡിനോട് മാത്രമാണ് ലിവര്‍പൂള്‍ തോറ്റത്. 

കഴിഞ്ഞ തവണ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത യുര്‍ഗന്‍ ക്ലോപ്പിന് ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടവും ആന്‍ഫീല്‍ഡിലെത്തിക്കാനായി.

ഇനി ബാക്കിയുള്ള മത്സരങ്ങളില്‍ നിന്ന് 15 പോയന്റ് കൂടി നേടാനായാല്‍ ഒരു സീസണില്‍ ഏറ്റവുമധികം പോയന്റ് നേടുന്ന പ്രീമിയര്‍ ലീഗ് ക്ലബ് എന്ന റെക്കോഡ് ചെമ്പടയ്ക്ക് സ്വന്തമാകും. മാത്രമല്ല ഹോംഗ്രൗണ്ടില്‍ ഒരു സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ടീമെന്ന റെക്കോഡും അവരെ കാത്തിരിക്കുന്നുണ്ട്.

ചെല്‍സിക്ക് ജയം

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. 38-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് നേടിയ ഗോളില്‍ ചെല്‍സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 55-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയിനിന്റെ ഗോളില്‍ സിറ്റി ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് 77-ാം മിനിറ്റില്‍ ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്. ഫൗളിന് സിറ്റി താരം ഫെര്‍ണാണ്ടീന്യോയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിക്കുകയും ചെയ്തു. ഈ പെനാല്‍റ്റി ഗോളാക്കിയ വില്ലിയന്‍ ചെല്‍സിക്ക് ജയമൊരുക്കി.

Content Highlights: Liverpool crowned 2019-20 Premier League champions