ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാന റൗണ്ട് മത്സരങ്ങള്‍ക്കിറങ്ങുമ്പോള്‍ ലിവര്‍പൂള്‍, ചെല്‍സി, ലെസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ് ബര്‍ത്താണ്.

മാഞ്ചെസ്റ്റര്‍ സിറ്റി നേരത്തെ തന്നെ കിരീടം ഉറപ്പിച്ച ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിച്ച രണ്ടാമത്തെ ടീം. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങള്‍ക്കായാണ് മേല്‍പറഞ്ഞ മൂന്ന് ടീമുകള്‍ മത്സരിക്കുന്നത്.

പോയന്റ് പട്ടികയില്‍ മൂന്നാമതുള്ള ചെല്‍സി (67), ലിവര്‍പൂള്‍ (66), ലെസ്റ്റര്‍ സിറ്റി (66) ടീമുകള്‍ തമ്മില്‍ ഒരു പോയന്റിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്.

ഇന്ന് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരം ജയിക്കാനായാല്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് ഉറപ്പിക്കാം. ചെല്‍സി തോല്‍ക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ ലിവര്‍പൂളും ലെസ്റ്ററും ചാമ്പ്യന്‍സ് ലീഗ് കളിക്കും.

എങ്കിലും ചെല്‍സിയുടെ സാധ്യതകള്‍ അവസാനിക്കില്ല. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാന്‍ പോകുന്ന ചെല്‍സിക്ക് ഫൈനലില്‍ സിറ്റിയെ തോല്‍പ്പിച്ചാലും അടുത്ത ചാമ്പ്യന്‍സ് ലീഗ് സീസണ്‍ കളിക്കാം.

ലിവര്‍പൂളിന് ഇന്ന് ക്രിസ്റ്റല്‍ പാലസും ലെസ്റ്ററിന് കരുത്തരായ ടോട്ടനവുമാണ് എതിരാളികള്‍. അവസാന മത്സരത്തില്‍ ജയിക്കാനായാല്‍ ലിവര്‍പൂളിനും ലെസ്റ്ററിനും ഒരേ പോയന്റാകും. അങ്ങനെവന്നാല്‍ ഗോള്‍വ്യത്യാസം കണക്കിലെടുത്ത് ലിവര്‍പൂള്‍ ആദ്യ നാലിലെത്തും.

Content Highlights: Liverpool Chelsea Leicester city champions league hopes