ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. വാറ്റ്ഫോര്‍ഡിനെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. ഈ വിജയത്തോടെ ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 

വാറ്റ്‌ഫോര്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ സൂപ്പര്‍താരങ്ങളെല്ലാം ലക്ഷ്യം കണ്ടു. റോബര്‍ട്ടോ ഫിര്‍മിനോ ഹാട്രിക്ക്‌ നേടിയപ്പോള്‍ സാദിയോ മാനെ, മുഹമ്മദ് സല എന്നിവരും ലക്ഷ്യം കണ്ടു. 

മത്സരം തുടങ്ങി ഒന്‍പതാം മിനിട്ടില്‍ തന്നെ സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ ലക്ഷ്യം കണ്ടു. സലയാണ് ഗോളവസരമൊരുക്കിയത്. 37-ാം മിനിട്ടില്‍ ഫിര്‍മിനോ ലീഡുയര്‍ത്തി. മില്‍നറുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ ടീം 2-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലിവര്‍പൂള്‍ മൂന്നാം ഗോള്‍ കണ്ടെത്തി. 52-ാം മിനിട്ടില്‍ ഫിര്‍മിനോ തന്നെയാണ് ഗോള്‍ നേടിയത്. രണ്ടുമിനിട്ടിനുശേഷം മുഹമ്മദ് സലയും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ വിജയമുറപ്പിച്ചു. ഈ ഗോളിന് വഴിയൊരുക്കിയത് ഫിര്‍മിനോ ആയിരുന്നു.പിന്നാലെ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ഫിര്‍മിനോ ഹാട്രിക്ക് തികച്ചു.

ഹാട്രിക്ക്‌ നേടുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ഫിര്‍മിനോയാണ് ലിവര്‍പൂളിന്റെ വിജയശില്‍പി. ഈ വിജയത്തോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുകയാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയങ്ങളും മൂന്ന് സമനിലയുമടക്കം 18 പോയന്റുകളാണ് ലിവര്‍പൂളിനുള്ളത്. വാറ്റ്‌ഫോര്‍ഡ് 15-ാം സ്ഥാനത്താണ്.

Content Highlights: Liverpool beat Watford in English Premier league 2021-2022