Photo: twitter.com/premierleague
സതാംപ്ടണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിന് വിജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സതാംപ്ടണെയാണ് ലിവര്‍പൂള്‍ കീഴടക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ തിരിച്ചടിച്ച് വിജയം നേടിയെടുത്തത്.
നഥാന്‍ റെഡ്‌മോണ്ടിലൂടെ സതാംപ്ടണാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ തകുമി മിനാമിനോയിലൂടെ ലിവര്‍പൂള്‍ സമനില നേടി. ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1 ന് തുല്യത പാലിച്ചു. രണ്ടാം പകുതിയില്‍ ജോയല്‍ മാറ്റിപ്പ് ചെമ്പടയുടെ വിജയഗോള്‍ നേടി.
ഈ വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. ഇനി ഒരു മത്സരം മാത്രമാണ് ടീമുകള്‍ക്കുള്ളത്. നിലവില്‍ 37 മത്സങ്ങളില്‍ നിന്ന് 90 പോയന്റുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 89 പോയന്റാണ് ലിവര്‍പൂളിനുള്ളത്.
Also Read
അവസാന മത്സരത്തില്‍ വിജയിച്ചാല്‍ സിറ്റി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടമുയര്‍ത്തും. എന്നാല്‍ സിറ്റി സമനിലയോ തോല്‍വിയോ വഴങ്ങി ലിവര്‍പൂള്‍ വിജയം നേടിയാല്‍ കപ്പ് ആന്‍ഫീല്‍ഡിലെത്തും. സിറ്റി തോല്‍ക്കുകയും ലിവര്‍പൂള്‍ സമനില വഴങ്ങുകയും ചെയ്താല്‍ ഇരുടീമുകള്‍ക്കും തുല്യ പോയന്റാകും. എന്നാലും ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ സിറ്റി ചാമ്പ്യന്മാരാകും.
അവസാന മത്സരത്തില്‍ സിറ്റിയ്ക്ക് ആസ്റ്റണ്‍ വില്ലയാണ് എതിരാളി. ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സിറ്റി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വില്ലയെ തകര്‍ത്തിരുന്നു. മറുവശത്ത് ലിവര്‍പൂളിന് വോള്‍വ്‌സാണ് എതിരാളി. ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ലിവര്‍പൂളാണ് വിജയം നേടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..