ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ഗോള്‍വര്‍ഷത്തോടെ തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ തകര്‍ത്തു. ഈ വര്‍ഷം രണ്ടാം ഡിവിഷനില്‍ നിന്ന് പ്രീമിയര്‍ ലീഗിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയ ടീമാണ് നോര്‍വിച്ച്.

കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ലിവര്‍പൂള്‍ നവാഗതരായ നോര്‍വിച്ചിനെതിരേ ഒന്നാം പകുതിയില്‍ തന്നെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ സ്‌കോട്ടിഷ് ഡിഫന്‍ഡര്‍ ഗ്രാന്റ് ഹാന്‍ലിയുടെ സെല്‍ഫ് ഗോളിലാണ് ലിവര്‍പൂള്‍ ആദ്യം ലീഡ് നേടിയത്. ഡിവോക് ഒറിഗീയുടെ ഒരു ക്രോസ് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സെല്‍ഫ് ഗോളിന് വഴിവച്ചത്.

പത്തൊന്‍പതാം മിനിറ്റില്‍ മുഹമ്മദ് സല ലീഡുയര്‍ത്തി. റോബർട്ട് ഫർമിന്യോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ഇരുപത്തിയെട്ടാം മിനിറ്റില്‍ സലയുടെ കോർണറിൽ നിന്ന് ഡച്ച് സെന്റര്‍ ബാക്ക് വാന്‍ ഡിജിക്ക് ലീഡ് മൂന്നാക്കി. നാല്‍പത്തിരണ്ടാം മിനിറ്റില്‍ ബെല്‍ജിയം സ്‌ട്രൈക്കര്‍ ഡിവോക് ഒറിഗീ നാലാം ഗോള്‍ വലയിലാക്കി.

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോളി അലിസണ്‍ പരിക്കേറ്റ് പിന്‍മാറിയതിനുശേഷം അറുപത്തിനാലാം മിനിറ്റില്‍ ഫിന്‍ലന്‍ഡ് സ്‌ട്രൈക്കര്‍ ടീമു പുക്കിയാണ് നോര്‍വിച്ചിന്റെ ആശ്വാസഗോള്‍ നേടിയത്.

ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി ശനിയാഴ്ച ഇറങ്ങും. വെസ്റ്റ് ഹാമാണ എതിരാളി.

Content Highlights: Liverpool Beat Norwich City in English Premier League Football Mohamed Salah Scores