ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ എട്ടു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജയം.
30 വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. 1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്.
ഈ സീസണില്‍ സ്വന്തം മൈതാനത്ത് നടന്ന അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചെമ്പട പുറത്തെടുത്തത്.
നാബി കെയ്റ്റയിലൂടെ 23-ാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ മുന്നിലെത്തി. 38-ാം മിനിറ്റില്‍ ഫ്രീകിക്ക് വലയിലെത്തിച്ച് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ലീഡുയര്‍ത്തി. 43-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ജോര്‍ജിനിയോ വൈനാള്‍ഡം ലിവര്‍പൂളിന്റെ മൂന്നാം ഗോളും നേടി. 43 മിനിറ്റിനിടെ മൂന്നു ഗോള്‍ വലയിലെത്തിയെങ്കിലും ചെല്‍സി വിട്ടുകൊടുത്തില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് ഒളിവര്‍ ജിറൂദിലൂടെ അവര്‍ ഒരു ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലിവര്‍പൂള്‍ 3-1 ന് മുന്നില്‍.
പിന്നീട് 55-ാം മിനിറ്റില്‍ ഫിര്‍മിനോ ലിവര്‍പൂളിന് 4-1ന്റെ ലീഡ് നല്‍കി. എന്നാല്‍ 61-ാം മിനിറ്റില്‍ ടാമി അബ്രഹാമും 73-ാം മിനിറ്റില്‍ പുലിസിച്ചും സ്‌കോര്‍ ചെയ്തതോടെ ചെല്‍സി 4-3 എന്ന നിലയിലേക്ക് സ്‌കോര്‍ മാറ്റി. സമനില ഗോളിനായി ചെല്‍സി ശ്രമിക്കവെ 84-ാം മിനിറ്റില്‍ ചേംബര്‍ലായ്ന്‍ ചെമ്പടയുടെ അഞ്ചാം ഗോള്‍ നേടി.
വിജയത്തിനു ശേഷം ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി. തോല്‍വിയോടെ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിക്കാന്‍ അവസാന ലീഗ് മത്സരം നിര്‍ണായകമായി. നിലവില്‍ 37 മത്സരങ്ങളില്‍ നിന്ന് 63 പോയന്റുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് പിറകില്‍ നാലാമതാണ് ചെല്‍സി. വോള്‍വ്‌സിനെതിരായ അവസാന മത്സരത്തില്‍ വിജയിച്ചാല്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാം. അല്ലെങ്കില്‍ ലെസ്റ്റര്‍ സിറ്റി - മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മത്സര ഫലത്തിനായി കാത്തിരിക്കണം.
Content Highlights: Liverpool beat Chelsea in eight goal thriller before trophy party