ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. ബേണ്‍ലിയാണ് ലിവര്‍പൂളിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. 

ഈ തോല്‍വിയോടെ 68 ഹോം മത്സരങ്ങള്‍ക്ക് ശേഷം സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആദ്യമായി തോല്‍വി വഴങ്ങി. 2017 ഏപ്രിലിലാണ് അവസാനമായി ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ തോല്‍വി വഴങ്ങിയത്. 

മത്സരത്തിന്റെ 83-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ആഷ്‌ലി ബാണ്‍സാണ് ബേണ്‍ലിയ്ക്കായി വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ചിട്ടും ക്ലോപ്പിനും സംഘത്തിനും വിജയം നേടാനായില്ല. 

പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ ടീം വിജയിച്ചിട്ടില്ല. മൂന്നു സമനിലയും രണ്ട് തോല്‍വിയുമാണ് ടീം നേടിയത്. ഈ തോല്‍വിയോടെ 19 മത്സരങ്ങളില്‍ നിന്നും 34 പോയന്റുള്ള ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. ഇത്രയും മത്സരങ്ങളില്‍ നിന്നും 40 പോയന്റുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് പട്ടികയില്‍ ഒന്നാമത്.

Content Highlights: Liverpool's 68-game unbeaten run at Anfield ended by Burnley