പന്ത്രണ്ടാം ക്ലാസിലെ അവസാന പരീക്ഷയും എഴുതിയിറങ്ങിയ പതിനെട്ടുകാരന് പയ്യന് നേരേ പോയത് മറ്റൊരു പരീക്ഷയ്ക്കാണ്. സന്തോഷ് ട്രോഫിയില്‍ മാര്‍ച്ച് പതിനെട്ടിന് ചണ്ഡീഗഢിനെതിരായ ഗോവയുടെ മൂന്നാം മത്സരത്തിന്. ക്ലാസ് മുറിയിലെ പരീക്ഷണം തത്കാലം അവസാനിച്ചെങ്കിലും കളിക്കളത്തിലെ അവസാനപരീക്ഷ ഞായറാഴ്ചയാണ്. ബംഗാളിനെതിരെ. സ്വന്തം നാട്ടുകാരുടെ മുന്നില്‍.
മഡ്ഗാവിനടുത്തുള്ള നവേലിം റോസറി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ലിസ്റ്റണാണ് ഗോവയുടെ ഫൈനലിലെ പ്രതീക്ഷ. സെമിയില്‍ കേരളത്തിനെതിരായ ഇരട്ടഗോള്‍ നേട്ടത്തിലൂടെ നാടിന്റെ ഹീറോയായിക്കഴിഞ്ഞു ലിസ്റ്റണ്‍.
ലിസ്റ്റണെ മുന്നേറ്റനിരയില്‍ കിട്ടിയതിന് ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനോട് ഗോവന്‍ ഫുട്ബോള്‍ അസോസിയേഷന് നന്ദി പറയണം. മൂന്ന് അണ്ടര്‍ 21 താരങ്ങള്‍ കളത്തിലെ പതിനൊന്നില്‍ വേണമെന്നും അഞ്ചുപേര്‍ ഇരുപതംഗ ടീമില്‍ വേണമെന്നുമുള്ള നിയമം കൊണ്ടുവന്നതിന്.
അല്ലെങ്കില്‍ ഒരു പക്ഷേ, ലിസ്റ്റണ്‍ കൊളാസോ എന്ന പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ ഇത്ര എളുപ്പത്തില്‍ അവര്‍ സീനിയര്‍ ടീമിലേക്ക് എടുക്കില്ലായിരുന്നു. പരീക്ഷത്തിരക്കുകള് കാരണം ലിസ്റ്റണ്‍ ടീമിന്റെ പരിശീലനവേളകളില്‍ പലതിലും പങ്കെടുക്കാനായിരുന്നില്ല.
മഡ്ഗാവിനടുത്തുള്ള ദാവോലിമില് ജനിച്ച ലിസ്റ്റണ്‍ ചെറുപ്പത്തിലേ പന്തുതട്ടിത്തുടങ്ങി. എട്ടാം ക്ലാസില്‍ സ്കൂള്‍ ടീമിലെത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. ആശാരിപ്പണിക്കാരനായ അച്ഛന് പൗലോയുടെ പിന്തുണകൂടിയായപ്പോള്‍ 'കളി' 'കാര്യ'മായെടുത്തു.
ഗോവയ്ക്കുവേണ്ടി അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകളില്‍ കളിച്ചതോടെ 'പയ്യനെ' സാല്‍ഗോക്കര്‍ ക്ലബ്ബ് നോട്ടമിട്ടു. ഇത്തവണ ഗോവന്‍ പ്രൊഫഷണല്‍ ലീഗില്‍ സാല്‍ഗോക്കര്‍ ചാമ്പ്യന്മാരായപ്പോള് 13 ഗോളോടെ ലിസ്റ്റണ്‍ ടോപ് സ്കോററായി.
ഗോവയുടെ സീനിയര്‍ ടീമില്‍ ഇത്തവണ ആദ്യമായാണ് ലിസ്റ്റണ്‍ മുഖംകാട്ടുന്നത്. മേഖലാ റൗണ്ടില്‍ രണ്ടു കളികളില്‍നിന്നായി ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോളുകള്‍ നേടി. ഫൈനലില്‍ ലിസ്റ്റണെ 'പൂട്ടാനാ'യില്ലെങ്കില്‍ ബംഗാള്‍ കനത്തവില നല്‍കേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..