ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും ലയണല്‍ മെസ്സിയും തമ്മിലുള്ള ബന്ധത്തിന് രണ്ടു പതിറ്റാണ്ടിലേറെ കാലത്ത് പഴക്കമുണ്ട്. കരിയറില്‍ ബാഴ്‌സയ്ക്കു വേണ്ടിയല്ലാതെ മറ്റൊരു ക്ലബ്ബിനായി മെസ്സി ബൂട്ടണിഞ്ഞിട്ടുമില്ല. ഇപ്പോഴിതാ ക്ലബ്ബിനൊപ്പം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മെസ്സി.

ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം കാഡിസിനെതിരായ മത്സരം ബാഴ്‌സയ്ക്കായുള്ള മെസ്സിയുടെ 506-ാം മത്സരമായിരുന്നു. ബാഴ്‌സയുടെ ഇതിഹാസ താരമായിരുന്ന സാവി ഹെര്‍ണാണ്ടസിന്റെ റെക്കോഡാണ് മെസ്സി തിരുത്തിയത്. 

2015 വരെ ബാഴ്‌സയ്‌ക്കൊപ്പമുണ്ടായിരുന്ന സാവി തന്നെയാണ് എല്ലാ ടൂര്‍ണമെന്റുകളിലുമായി ബാഴ്‌സയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. ക്ലബ്ബിനായി അദ്ദേഹം 767 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നിലവില്‍ ബാഴ്‌സയ്ക്കായി എല്ലാ ടൂര്‍ണമെന്റുകളിലുമായി 761 മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞ മെസ്സി ഈ റെക്കോഡും വൈകാതെ സ്വന്തമാക്കും. 

654 ഗോളുകളുമായി ബാഴ്‌സയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ എന്ന നേട്ടവും മെസ്സിക്ക് സ്വന്തമാണ്. മാത്രമല്ല ക്ലബ്ബിനൊപ്പം ഇതുവരെ 34 കിരീട വിജയങ്ങളില്‍ മെസ്സി പങ്കാളിയായിട്ടുണ്ട്. ഇതും റെക്കോഡാണ്.

Content Highlights: Lionel Messi with Barcelona club record 506th league appearance in Spain