ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ തുടരാന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തോമ്യു രംഗത്ത്. മെസ്സി ബാഴ്‌സയില്‍ തന്നെ തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരായ വിജയത്തിനു ശേഷം ഒരു സ്പാനിഷ് മാധ്യമത്തോട് സംസാരിക്കവെയാണ് ബര്‍ത്തോമ്യു ഇക്കാര്യം വ്യക്തമാക്കിയത്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന സെര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ താരം ക്ലബ്ബ് വിടുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ബാഴ്സയുമായുള്ള മെസ്സിയുടെ നിലവിലെ കരാര്‍ 2021-ല്‍ അവസാനിക്കും. ഇതോടെയാണ് അധികൃതര്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയുമായി ചര്‍ച്ചയ്ക്കൊരുങ്ങിയത്. എന്നാല്‍ ചര്‍ച്ച വേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നുവെന്നാണ് കാഡെന സെര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

ജനുവരിയില്‍ ബാഴ്സ മുന്‍ പരിശീലകന്‍ ഏണസ്റ്റോ വാര്‍വെര്‍ദയെ പുറത്താക്കിയതിനു കാരണം താനാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളുടെ പേരില്‍ മെസ്സിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും ബാഴ്സ ടീമിന്റെ കാര്യത്തിലും മെസ്സി സന്തുഷ്ടനല്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ തള്ളി ക്ലബ്ബ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്. 

Content Highlights: Lionel Messi will end his career at Barcelona, says club president Josep Maria Bartomeu