ബാഴ്സലോണ: രണ്ടാഴ്ച്ചയോളം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ലണയൽ മെസ്സി ബാഴ്സലോണയിൽ തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോൾ ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മെസ്സി നിലപാട് വ്യക്തമാക്കിയത്. ബാഴ്സലോണയുമായുള്ള പൊക്കിൾക്കൊടി ബന്ധം പ്രഖ്യാപിച്ചും ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യുവിനെ വിമർശിച്ചും കുടുംബത്തിന്റെ കരുതൽ എടുത്തുപറഞ്ഞുമാണ് മെസ്സി ബാഴ്സയിൽ തുടരുന്നതായി പ്രഖ്യാപിച്ചത്.

ബാഴ്സ വിടരുതെന്ന മകന്റെ അഭ്യർഥനയും ഏകദേശം 6000 കോടി രൂപ നൽകിയാലല്ലാതെ ക്ലബ്ബ് വിടാനാകില്ലെന്ന ബർത്തോമ്യുവിന്റെ നിർബന്ധവുമാണ് തീരുമാനം മാറ്റാൻ കാരണമായതെന്നും മെസ്സി പറയുന്നു. തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ നിയമപോരാട്ടത്തിലേക്ക് വലിച്ചിഴക്കാൻ താത്പര്യമില്ലെന്നും വ്യക്തമാക്കിയ മെസ്സി ബാഴ്സ ജഴ്സിയിൽ 2021 ജൂൺ വരെയുണ്ടാകും.

ക്ലബ്ബ് വിടാനുള്ള തീരുമാനം കുടുംബത്തെ അറിയിച്ചപ്പോൾ അവർ ഞെട്ടിപ്പോയെന്നും ഒരിക്കലും ഇങ്ങനെ ഒരു തീരുമാനം അവർ പ്രതീക്ഷിച്ചിരുന്നില്ലെന്നും മെസ്സി പറയുന്നു. ബാഴ്സലോണ വിടുകയാണെന്ന തീരുമാനം പറഞ്ഞപ്പോൾ ഭാര്യ അന്റോണല്ലെയും മക്കളും ആകെ അമ്പരപ്പിലായിരുന്നു. ബാഴ്സലോണ വിടാൻ ഇഷ്ടമില്ലാതിരുന്നിട്ടും എല്ലാ വേദനയും സഹിച്ച് ഭാര്യ എനിക്കൊപ്പം നിന്നു. എന്നാൽ മൂത്ത മകൻ തിയാഗോ ആകെ തകർന്നുപോയിരുന്നു. ക്ലബ്ബ് വിടരുതെന്ന് അവൻ കരഞ്ഞുപറഞ്ഞു. പുതിയ സ്കൂളും പുതിയ കൂട്ടുകാരും എന്നത് അവന് ഉൾക്കൊള്ളാനാകുമായിരുന്നില്ല. അവൻ എപ്പോഴും കരച്ചിലായിരുന്നു. പോകുന്നില്ലെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് അവന് ആശ്വാസമായത്. മെസ്സി അഭിമുഖത്തിൽ പറയുന്നു.

പ്രസിഡന്റ് ബർത്തോമ്യുവിനെ രൂക്ഷമായ ഭാഷയിൽ മെസ്സി വിമർശിച്ചു. സീസൺ അവസാനിച്ചതോടെ ഫ്രീ ട്രാൻസ്‌ഫറിൽ ക്ലബ്ബ് വിടാമെന്നാണ് കരുതിയത്. പ്രസിഡന്റ് ബർത്തോമ്യുവിനോട് പലതവണ സംസാരിച്ചപ്പോഴും സീസൺ അവസാനിക്കുമ്പോൾ തുടരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചത്. ഇത് കണക്കിലെടുത്താണ് ഫ്രീ ട്രാൻസ്‌ഫറിനുള്ള അപേക്ഷ നൽകിയത്. ഇപ്പോൾ അവർ പറയുന്നത് 2020 ജൂൺ പത്തിന് മുമ്പ് തീരുമാനം അറിയിക്കണമായിരുന്നു എന്നാണ്. റിലീസ് ക്ലോസ് ആയ ആറായിരം കോടിയോളം രൂപ നൽകിയാൽ മാത്രമേ ക്ലബ്ബ് വിടാൻ വിടാൻ അനുവദിക്കൂ എന്നും പറയുന്നു. ഈ തുക നൽകുകയെന്നത് അസാധ്യമാണ്. മറ്റൊരു മാർഗമുള്ളത് കോടതിയെ സമീപിക്കുക എന്നതാണ്. എന്നാൽ ബാഴ്സയെ കോടതിയിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഒരു വർഷം കൂടി ക്ലബ്ബിൽ തുടരും. മെസ്സി കൂട്ടിച്ചേർത്തു.


(Video Courtesy|: Goal.com)

Content Highlights: Lionel Messi,  Why Iam Staying at Barcelona