ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി ക്ലബ്ബ് പ്രസിഡന്റ് ജൊവാന്‍ ലപോര്‍ട്ട. 

ലയണല്‍ മെസ്സി ബാഴ്‌സയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശരിയായ ദിശയിലാണെന്നും ലപോര്‍ട്ട വ്യക്തമാക്കി. കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മെസ്സിയുമായുള്ള ബാഴ്‌സയുടെ കരാര്‍ ജൂണില്‍ അവസാനിക്കും. മെസ്സിയെ സംബന്ധിച്ചിടത്തോളം പണമല്ല വിഷയം, മറിച്ച് ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും നേടാന്‍തക്ക കഴിവുള്ള ഒരു ടീമാണ് അദ്ദേഹത്തിന് വേണ്ടെന്നും ലപോര്‍ട്ട പറഞ്ഞു. 

തിങ്കളാഴ്ച മുന്‍ മാഞ്ചെസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുമായി ബാഴ്‌സ കരാറിലെത്തിയിരുന്നു. 

കഴിഞ്ഞ സീസണ്‍ അവസാനത്തോടെയാണ് ക്ലബ്ബ് വിടാന്‍ താത്പര്യമറിയിച്ച് മെസ്സി ബാഴ്‌സ മാനേജ്‌മെന്റിനെ ബന്ധപ്പെട്ടത്. എന്നാല്‍ കരാര്‍ വ്യവസ്ഥ അനുസരിച്ചുള്ള സമയം അതിക്രമിച്ചുപോയതിനാല്‍ ക്ലബ്ബില്‍ തുടരാന്‍ മെസ്സി നിര്‍ബന്ധിതനാകുകയായിരുന്നു.

2021 ജൂണ്‍ വരെയുള്ള കരാര്‍ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കില്‍ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നല്‍കേണ്ടി വരുമെന്നും ക്ലബ്ബ് നിലപാടെടുത്തിരുന്നു.

2001-ല്‍ ബാഴ്സയുടെ യൂത്ത് ക്ലബില്‍ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Content Highlights: Lionel Messi wants to stay at Barcelona says President Joan Laporta