ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാപ്പോളി ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ കടന്നു.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം. ഇരു പാദങ്ങളിലുമായി 4-2 ജയത്തോടെയാണ് സ്പാനിഷ് വമ്പന്‍മാരുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
10-ാം മിനിറ്റില്‍ തന്നെ ക്ലെമന്റ് ലെഗ്ലെറ്റിന്റെ ഹെഡറിലൂടെ ബാഴ്‌സ മുന്നിലെത്തി. 23-ാം മിനിറ്റില്‍ മെസ്സി മാജിക്കില്‍ ബാഴ്‌സ ലീഡുയര്‍ത്തി. നാപ്പോളി ബോക്‌സില്‍ മൂന്ന് ഡിഫന്‍ഡര്‍മാരുടെ പ്രതിരോധം ഭേദിച്ചാണ് മെസ്സി സ്‌കോര്‍ ചെയ്തത്. ഈ സീസണില്‍ എല്ലാ കളികളിലുമായി മെസ്സിയുടെ ഗോള്‍ നേട്ടം 31 ആയി ഉയര്‍ന്നു.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ മെസ്സിയെ ഫൗള്‍ ചെയ്തതിന് ബാഴ്‌സയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. വാര്‍ പരിശോധിച്ചാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത സുവാരസ് ബാഴ്‌സയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
എന്നാല്‍ മൂന്നു ഗോള്‍ വീണതിനു പിന്നാലെ നാപ്പോളി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. അവരുടെ പ്രസ്സിങ് ഗെയിമിന് ആദ്യ പകുതി അവസാനിക്കും മുമ്പു തന്നെ ഫലം ലഭിച്ചു. മെര്‍ട്ടന്‍സിനെ റാക്കിറ്റിച്ച് ബോക്‌സില്‍ വീഴ്ത്തിയതിന് നാപ്പോളിക്ക് അനുകൂലമായി പെനാല്‍റ്റി. ലൊറെന്‍സോ ഇന്‍സിനെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ കൂടി മടക്കണമെന്ന് ഉറച്ചാണ് നാപ്പോളി കളിച്ചത്. ബാഴ്‌സയാകട്ടെ പ്രതിരോധത്തിലൂന്നിയും. നാപ്പോളി ആക്രമണങ്ങളെ പ്രതിരോധിച്ചതോടെ ബാഴ്‌സ ക്വാര്‍ട്ടറിലേക്ക്. ബയേണ്‍ മ്യൂണിക്കാണ് ക്വാര്‍ട്ടറില്‍ ബാഴ്‌സയുടെ എതിരാളികള്‍.
Content Highlights: Lionel Messi unstoppable as Barcelona beats Napoli to reach Champions League quarterfinals