ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയും ലയണല്‍ മെസ്സിയും തമ്മിലുള്ള ബന്ധത്തിന് രണ്ടു പതിറ്റാണ്ടിലേറെ കാലത്ത് പഴക്കമുണ്ട്. 

മെസ്സി എന്ന താരത്തിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമെല്ലാം കാരണമായത് ബാഴ്‌സലോണ എന്ന ക്ലബ്ബാണ്. 

കരിയറില്‍ ബാഴ്സയ്ക്കു വേണ്ടിയല്ലാതെ മറ്റൊരു ക്ലബ്ബിനു വേണ്ടിയും മെസ്സി ബൂട്ട് കെട്ടിയിട്ടില്ല. ഇപ്പോഴിതാ ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് താരം.

ബാഴ്‌സലോണ ക്ലബ്ബിനു വേണ്ടി എല്ലാ ടൂര്‍ണമെന്റുകളിലുമായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് മെസ്സി. തിങ്കളാഴ്ച ലാ ലിഗയില്‍ ഹ്യുയെസ്‌കയുമായുള്ള മത്സരത്തിനിറങ്ങിയാല്‍ അത് ബാഴ്‌സ ജേഴ്‌സിയില്‍ താരത്തിന്റെ 767-ാം മത്സരമാകും. 

ഇതോടെ മുന്‍ ബാഴ്‌സ താരം സാവി ഹെര്‍ണാണ്ടസിന്റെ 767 മത്സരങ്ങളെന്ന റെക്കോഡിനൊപ്പമെത്താന്‍ മെസ്സിക്ക് സാധിക്കും.

659 ഗോളുകളുമായി ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററെന്ന നേട്ടവും മെസ്സിയുടെ പേരിലാണ്. മാത്രമല്ല ക്ലബ്ബിനൊപ്പം 34 കിരീടങ്ങളുമായി ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങളുടെ റെക്കോഡും മെസ്സിയുടെ പേരില്‍ തന്നെ.

നേരത്തെ ലാ ലിഗയില്‍ ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം സാവിയെ മറികടന്ന് മെസ്സി സ്വന്തമാക്കിയിരുന്നു.

Content Highlights: Lionel Messi set to equal most appearances for FC Barcelona