ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കുക എന്നത് ലയണല്‍ മെസ്സിയ്ക്ക് കുട്ടിക്കളിയാണ്. ഏഴുതവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി സമാനതകളില്ലാത്ത നേട്ടത്തിലേക്ക് കാലെടുത്തുവെച്ച മെസ്സി ഫുട്‌ബോള്‍ ലോകത്തെ വീണ്ടും വീണ്ടും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടുക എന്നത് ഒരു ശരാശരി ഫുട്‌ബോള്‍ താരത്തിന് ചിന്തിക്കുന്നതിലും അപ്പുറമാണ്. അത് ഏഴുതവണ സ്വന്തമാക്കുമ്പോള്‍ മെസ്സിയെ മിശിഹയെന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

പാരീസിലെ വര്‍ണാഭമായ ചടങ്ങില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ അടുത്തിരിക്കുകയായിരുന്ന മെസ്സിയുടെ കണ്ണുകളില്‍ ഭയമോ ആകാംക്ഷയോ ഒന്നും ഇല്ലായിരുന്നു. ശാന്തമായിരുന്നു ആ മുഖം. പുരസ്‌കാര  വേദിയില്‍ നിന്ന് ഫുട്‌ബോള്‍ താരം ദിദിയര്‍ ദ്രോഗ്ബ ലയണല്‍ മെസ്സിയെന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോള്‍ വേദിയൊന്നടങ്കം കൈയടികളാല്‍ നിറഞ്ഞു. ഏഴാം തവണയും ബാലണ്‍ദ്യോര്‍ പുരസ്‌കാരം മെസ്സി സ്വന്തമാക്കിയതില്‍ ലോകം ആര്‍ത്തിരമ്പി.

പക്ഷേ ഞെട്ടലോ സന്തോഷമോ ഒന്നും മുഖത്തുപ്രകടിപ്പിക്കാതെ ആ കുറിയ മനുഷ്യന്‍ തിളങ്ങുന്ന കുപ്പായവുമിട്ട് വേദിയിലേക്ക് നടന്നുകയറി. ഈ സമയം മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റൊക്കുസോയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. 

വേദിയിലെത്തിയ മെസ്സിയുടെ മുഖം പ്രസന്നമായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു.' ലെവന്‍ഡോവ്‌സ്‌കി, നിങ്ങളുടെ എതിരാളിയായതില്‍ എനിക്കേറെ അഭിമാനമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരത്തിന് നിങ്ങളായിരുന്നു അര്‍ഹന്‍'- മെസ്സി പറഞ്ഞു. 

കോവിഡ് മൂലം 2020-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. 2019-ല്‍ മെസ്സി തന്നെയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലും മെസ്സി ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടു. 

ഇത്തവണ 613 പോയന്റ് നേടിയാണ് മെസ്സി ഒന്നാം സ്ഥാനത്തെത്തിയത്. ലെവന്‍ഡോവ്‌സ്‌കിയ്ക്ക് 580 പോയന്റാണ് ലഭിച്ചത്. പി.എസ്.ജിയ്ക്കും ബാഴ്‌സലോണയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് മെസ്സിയെ തുണച്ചത്. സീസണിന്റെ തുടക്കത്തില്‍ മെസ്സിയുടെ ഫോമില്ലായ്മയില്‍ സന്തോഷിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് താരത്തിന്റെ ഈ പുരസ്‌കാര നേട്ടം. 

അര്‍ജന്റീനയ്ക്ക് വേണ്ടി കോപ്പ അമേരിക്ക കിരീടവും ബാഴ്‌സലോണയ്ക്ക് വേണ്ടി കോപ്പ ഡെല്‍ ഫേ കിരീടവും നേടാന്‍ മെസ്സിയ്ക്ക് സാധിച്ചു. കഴിഞ്ഞ സീസണില്‍ 30 ഗോളുകള്‍ അടിച്ചുകൊണ്ട് ലാ ലിഗയിലെ ടോപ്‌സ്‌കോറര്‍ പദവിയും താരം സ്വന്തമാക്കി.  

Content Highlights: Lionel Messi Sends Heartfelt Message To Robert Lewandowski After Historic 7th Ballon D'Or