പാരിസ്: ഒടുവില്‍ ഫ്രഞ്ച് ലീഗില്‍ ആരാധകര്‍ കാത്തിരുന്ന ആ ഗോളെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സി സൂപ്പര്‍ ഗോളുമായി തിളങ്ങിയ മത്സരത്തില്‍ നാന്റെസിനെ ഒന്നിനെതിരേ മൂന്നു ഗോളിന് തകര്‍ത്ത് പിഎസ്ജി.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ കിലിയന്‍ എംബാപ്പെയിലൂടെ പിഎസ്ജി മുന്നിലെത്തി. പരെഡസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

എന്നാല്‍ 65-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്ത് പോയതോടെ പിഎസ്ജി ഞെട്ടി. പിന്നാലെ കോച്ച് നെയ്മറെ പിന്‍വലിച്ച് ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോയെ കളത്തിലിറക്കി.

ഈ അവസരം മുതലെടുത്ത് നാന്റെസ് ഒരു ഗോള്‍ മടക്കി. 76-ാം മിനിറ്റില്‍ കോളോ മുവാനിയുടെ ബാക്ക്ഹീല്‍ ഫിനിഷിലൂടെയായിരുന്നു ഗോള്‍. എന്നാല്‍ 81-ാം മിനിറ്റില്‍ ഡെന്നിസ് അപ്പിയ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ നാന്റെസ് പ്രതിരോധത്തിലായി. മെസ്സിയുടെ ത്രൂബോളാണ് അപ്പിയയുടെ സെല്‍ഫ് ഗോളിന് വഴിവെച്ചത്.

പിന്നാലെ 87-ാം മിനിറ്റില്‍ മനോഹരമായ ഒരു ഗോളിലൂടെ മെസ്സി പിഎസ്ജിക്കായി മത്സരം സ്വന്തമാക്കി. എംബാപ്പെ നല്‍കിയ പാസുമായി മുന്നേറിയ മെസ്സി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തി. ഫ്രഞ്ച് ലീഗിൽ മെസ്സിയുടെ ആദ്യ ഗോളായിരുന്നു ഇത്.

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 37 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള റെന്നെസിനേക്കാള്‍ 12 പോയന്റിന്റെ ലീഡ് പിഎസ്ജിക്കുണ്ട്.

Content Highlights: lionel messi scores first ligue 1 goal psg beat nantes