സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തെ ജനുവരി 17 ന് പ്രഖ്യാപിക്കും. അവസാന റൗണ്ടില്‍ ലയണല്‍ മെസ്സി, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നീ മൂന്ന് താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ, കിലിയന്‍ എംബാപ്പെ എന്നിവര്‍ ഫൈനല്‍ കാണാതെ പുറത്തായി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ലെവന്‍ഡോവ്‌സ്‌കി. സൂറിച്ചില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച്‌ പുരസ്‌കാരം സമ്മാനിക്കും.

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഗോളടിച്ച് മുന്നില്‍ നില്‍ക്കുന്നത് ലെവന്‍ഡോവ്‌സ്‌കിയാണ്. 2021-ല്‍ വിവിധ മത്സരങ്ങളില്‍ നിന്നായി 69 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. പോളണ്ടിന്റെ താരമായ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ മ്യൂണിക്കിനുവേണ്ടിയാണ് കളിക്കുന്നത്. ബയേണിന് വേണ്ടി ഗോളടി മികവ് തുടരുന്ന താരം 2021-ല്‍ ഇതിഹാസതാരം മുള്ളറുടെ രണ്ട് റെക്കോഡുകള്‍ ഭേദിച്ചിരുന്നു. ബുണ്ടസ് ലീഗയില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളടിച്ച താരം, ബുണ്ടസ് ലീഗയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഗോളടിച്ച താരം എന്നീ റെക്കോഡുകളാണ് ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കിയത്. ബയേണിനൊപ്പം ബുണ്ടസ് ലീഗ കിരീടം, ജര്‍മന്‍ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകിരീടം എന്നിവ നേടാനും പോളിഷ് താരത്തിന് സാധിച്ചു. 

കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയാണ് സൂപ്പര്‍ താരം മെസ്സിയുടെ വരവ്. അര്‍ജന്റീനയ്ക്ക് വേണ്ടി കോപ്പ അമേരിക്ക കിരീടം നേടിയ മെസ്സി കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളടിച്ച താരമായി മാറി. പക്ഷേ പി.എസ്.ജിയിലേക്ക് ചേക്കേറിയ ശേഷം വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ മെസ്സിയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം 43 ഗോളുകളും 18 അസിസ്റ്റുകളുമാണ് മെസ്സിയുടെ മാന്ത്രിക ബൂട്ടില്‍ നിന്ന് പിറന്നത്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മുഹമ്മദ് സല 2018-ല്‍ ഫിഫയുടെ മികച്ച താരത്തിനുള്ള പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഈജിപ്ഷ്യന്‍ താരമായ സല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടിയാണ് ബൂട്ടുകെട്ടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ടോപ് സ്‌കോററായ സല ആകെ 39 ഗോളുകളും 11 അസിസ്റ്റുകളുമാണ് നേടിയത്. 

Content Highlights: Lionel Messi, Robert Lewandowski, Mohamed Salah top FIFA The Best shortlist