ബാഴ്സലോണ: നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കു ശേഷം ബാഴ്സലോണയിൽ തുടരാൻ തീരുമാനിച്ച സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബിനൊപ്പം പരിശീലനത്തിന് ഇറങ്ങി.

പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കാണ് മെസ്സി സാന്റ് ജൊവാൻ ഡെസ്പിയിലെ ബാഴ്സയുടെ പരിശീലന ഗ്രൗണ്ടിലെത്തിയത്. സ്വയം ഡ്രൈവ് ചെയ്തായിരുന്നു വരവ്.

നേരത്തെ രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് ലണയൽ മെസ്സി ബാഴ്സലോണയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. ഗോൾ ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മെസ്സി നിലപാട് വ്യക്തമാക്കിയത്.

ബാഴ്സലോണ വിടാനുള്ള താത്‌പര്യം മെസ്സി ക്ലബ്ബിനെ അറിയിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ട ബന്ധം അവസാനിപ്പിക്കാനായിരുന്നു താരത്തിന്റെ തീരുമാനം.

എന്നാൽ റിലീസ് ക്ലോസ് സംബന്ധിച്ച് മെസ്സിയും ബാഴ്സലോണയുമായി പ്രശ്നങ്ങളും ഉടലെടുത്തു. 2017-ൽ പുതുക്കിയ കരാർ പ്രകാരം മെസ്സിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. എന്നാൽ ഒരു സീസണിന്റെ അവസാനം ക്ലബ്ബ് വിടാൻ മെസ്സിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് മെസ്സി ക്ലബ്ബ് വിടാൻ താത്‌പര്യമറിയിച്ച് കത്തയച്ചത്.

പക്ഷേ ഇത്തരത്തിൽ മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം അതിനായി ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്നും ജൂൺ പത്തോടെ ഈ കരാർ വ്യവസ്ഥ അവസാനിച്ചെന്നുമായിരുന്നു ക്ലബ്ബിന്റെ നിലപാട്. ഇതു പ്രകാരം 2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നും ബാഴ്സ മാനേജ്മെന്റ് അറിയിച്ചിരുന്നു.

ഈ അനിശ്ചിതത്വങ്ങൾക്കിടെയാണ് ഗോൾ ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ബാഴ്സയിൽ തുടരാൻ തീരുമാനിച്ചതായി മെസ്സി അറിയിച്ചത്.

ബാഴ്സ വിടരുതെന്ന മകന്റെ അഭ്യർഥനയും ഏകദേശം 6000 കോടി രൂപ നൽകിയാലല്ലാതെ ക്ലബ്ബ് വിടാനാകില്ലെന്ന ബർത്തോമ്യുവിന്റെ നിർബന്ധവുമാണ് തീരുമാനം മാറ്റാൻ കാരണമായതെന്നും മെസ്സി പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ നിയമപോരാട്ടത്തിലേക്ക് വലിച്ചിഴക്കാൻ താത്‌പര്യമില്ലെന്നും വ്യക്തമാക്കിയ മെസ്സി ഇതോടെ ബാഴ്സ ജേഴ്സിയിൽ 2021 ജൂൺ വരെ തുടരും.

Content Highlights: Lionel Messi Returns to Barcelona Training Ground